മുംബൈ: ഒരു നഗരത്തെ ഭീകരർ ആക്രമിച്ചിട്ടും പ്രതികരിക്കാതിരുന്ന ഭാരതമല്ല ഇന്നുളളതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭീകരതയ്‌ക്കെതിരെ ശക്തമായി പോരാടുന്ന നേതൃത്വമാണ് ഇന്ന് ഭാരതത്തിലുളളത്. മുംബൈയിൽ സംഭവിച്ചത് ഒരിക്കലും ആവർത്തിക്കാൻ അനുവദിക്കില്ല. ഒരു നഗരത്തിന് നേരെ ഭീകരാക്രമണം ഉണ്ടായിട്ടും പ്രതികരിക്കാതിരുന്നാൽ അത് നല്ലതല്ലെന്നും എസ് ജയ്ശങ്കർ പറഞ്ഞു.
ലോകത്തിനും ഭാരതത്തിനും ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ശക്തമായ അടയാളമാണ് മുംബൈ നഗരമെന്ന് എസ് ജയ്ശങ്കർ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ പിഴവുകൾ രാജ്യത്ത് ഇനിയും ആവർത്തിക്കാൻ പാടില്ല. ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാടാണ് രാജ്യം സ്വീകരിക്കേണ്ടതെന്നും കേന്ദ്ര വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു. വികസിത ഇന്ത്യയിലേക്കുളള യാത്രയിൽ വികസിത മഹാരാഷ്‌ട്രയുടെ പ്രാധാന്യത്തെക്കുറിച്ചും ജയ്ശങ്കർ മാദ്ധ്യമങ്ങളോട് സംസാരിച്ചു. ബിജെപി നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
യുഎൻ ഭീകരവിരുദ്ധ സമിതിയുടെ യോഗം ഭീകരാക്രമണം നടന്ന മുംബൈയിലെ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചത് ഇന്ത്യയാണെന്ന് എസ് ജയ്ശങ്കർ ചൂണ്ടിക്കാട്ടി. വെല്ലുവിളികളെയും ഭീകരവാദത്തെയും നേരിട്ട് അതിന് മുൻപിൽ ആരാണ് ഉറച്ച് നിൽക്കുന്നതെന്നാണ് ലോകം നോക്കുന്നത്. ജനങ്ങൾ പറയുന്നു അത് ഇന്ത്യയാണെന്ന്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ലോകസമ്മതിയെക്കുറിച്ച് സൂചിപ്പിക്കവേ ജയ്ശങ്കർ പറഞ്ഞു.
ഭീകരവാദത്തോട് സന്ധിയില്ലാത്ത പോരാട്ടമാണെന്ന് നമ്മൾ പറയുമ്പോൾ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാണ്. പകൽ ഇവിടെ ബിസിനസ് നടത്തുകയും രാത്രിയിൽ ഭീകരപ്രവർത്തനം നടത്തുകയും ചെയ്യുന്നത് ഇന്നത്തെ ഇന്ത്യയ്‌ക്ക് അംഗീകരിക്കാനാകില്ല. അതാണ് ഇവിടെ വന്ന മാറ്റം. ഭീകരവാദത്തെ ഉൻമൂലനം ചെയ്യേണ്ടതുണ്ട്. അത് വളരെ വ്യക്തമാണെന്നും എസ് ജയ്ശങ്കർ പറഞ്ഞു.