തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം പൂർത്തിയാകുന്നില്ല, വഴിമുട്ടി എന്നീ വിമർശനങ്ങൾക്കിടയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസെടുത്തെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ല.
ത്രിതല അന്വേഷണം പ്രഖ്യാപിച്ച് ഒമ്പത് ദിവസത്തിന് ശേഷമാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. തിരുവമ്പാടി ദേവസ്വത്തെ സംശയത്തിന്റെ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എഡിജിപി അജിത് കുമാർ നൽകിയത്. എന്നാൽ, എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് ഡിജിപി നൽകിയത്.
അന്വേഷണം വഴിമുട്ടിയെന്ന് വ്യാപക വിമർശനങ്ങൾക്കിടെയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കി പൊലീസ് കേസെടുത്തത്. തങ്ങളുടെ മുഖം രക്ഷിക്കാനുള്ള ഗൂഢാലോചനയാണ് ഈ ധൃതി പിടിച്ചുള്ള നടപടിയെന്ന് ഇതിനോടകം വ്യക്തമാണ്.
എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ടിന്മേൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന് ലഭിച്ച നിയമോപദേശം. എഡിജിപിയുടെ റിപ്പോർട്ടിൽ കേസെടുത്താൽ തിരുവമ്പാടി ദേവസ്വം പ്രതിയാകും. അത് ഒഴിവാക്കാൻ കൂടിയുള്ളതാണ് ഇത്തരമൊരു കേസ്.