മഥുര: ഹിന്ദു സമൂഹത്തിന്റെ ഐക്യം പൊതുസമൂഹത്തിന്റെ ക്ഷേമത്തിനും ലോക നൻമയ്‌ക്കുമായിട്ടാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അത് എല്ലാവർക്കും സന്തോഷം നൽകുന്നതായിരിക്കണം. എന്നാൽ ഹിന്ദു സമൂഹത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ശക്തികളുണ്ട്. അവർക്ക് മുന്നറിയിപ്പ് നൽകേണ്ടതും അനിവാര്യമാണെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയുമൊക്കെ അടിസ്ഥാനത്തിൽ ഭിന്നിച്ചു നിന്നാൽ ഹിന്ദു സമൂഹം നശിച്ചുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മഥുരയിൽ ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡൽ ബൈഠക്കിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൗ ജിഹാദ് അടക്കമുള്ള സാമൂഹ്യവിപത്തുകളിൽ നിന്ന് കൗമാരക്കാരെ രക്ഷിക്കുന്നതിൽ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. ഹിന്ദു ജാഗരൺ മഞ്ച്, വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദൾ തുടങ്ങി സ്വയംസേവകർ കൂടി ഉൾപ്പെടുന്ന സംഘടനകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. സംഘം അത്തരം പ്രസ്ഥാനങ്ങൾക്കൊപ്പമാണ്. ലൗ ജിഹാദ് തടയുക മാത്രമല്ല, അതിൽ നിന്നു രക്ഷപെട്ടെത്തുന്നവരുടെ സംരക്ഷണം, മുന്നോട്ടുള്ള ജീവിതം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളും ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഥുരയിലെത്തി സംഘകാര്യകർത്താക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചുളള ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. സംഘത്തിന്റെ കാര്യകർത്താക്കൾ സമാജത്തിലെ എല്ലാ വിഭാഗം ആളുകളുമായും രാഷ്‌ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായുമൊക്കെ കാണുകയും സംസാരിക്കുകയും ചെയ്യും. ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. അദ്ദേഹം വരാൻ പോകുന്ന കുംഭമേളയെപ്പറ്റിയും മറ്റും സംസാരിച്ചു. ആഹാരം കഴിച്ചു. അതിൽ പ്രത്യേകിച്ചെന്താണുള്ളതെന്ന് ദത്താത്രേയ ഹൊസബാളെ ചോദിച്ചു.
ബംഗ്ലാദേശിലെ ഹിന്ദുസമൂഹം പലായനം ചെയ്യേണ്ടവരല്ല. അവരുടെ ജന്മനാടാണത്. അവർ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരുടെ പിന്മുറക്കാരാണ്. അവർക്കൊപ്പം മുഴുവൻ ഹിന്ദുസമൂഹവും നിലയുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.















