വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസിനെയും വരവേൽക്കാൻ അണിഞ്ഞൊരുങ്ങി വഡോദര നഗരം. സി 295 ട്രാൻസ്‌പോർട്ട് വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ടുളള വഡോദരയിലെ ടാറ്റ എയർബസ് എയർക്രാഫ്റ്റ് ഫാക്ടറിയുടെ ഉദ്ഘാടനത്തിനായിട്ടാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വഡോദരയുടെ നഗരവീഥിയിലുടനീളം കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.
സ്പാനിഷ് പ്രധാനമന്ത്രിയുടെയും നരേന്ദ്ര മോദിയുടെയും വരവിൽ അത്യധികം സന്തോഷത്തിലാണ് വഡോദരയിലെ ജനങ്ങൾ. ഇരു രാജ്യങ്ങളും തമ്മിൽ നല്ല അന്താരാഷ്‌ട്ര ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പ്രതികരിച്ചു. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) ക്യാമ്പസിലാണ് ഫാക്ടറി കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്.
56 വിമാനങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ 16 എണ്ണം സ്പെയിൻ നേരിട്ടെത്തിക്കും. ബാക്കിയുള്ള 40 വിമാനങ്ങൾ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് നിർമ്മിക്കും. സൈനിക വിമാനങ്ങളുടെ നിർമ്മാണത്തിൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സ്വകാര്യമേഖലാ ദൗത്യമായിരിക്കും ഇത്.
വഡോദരയിലെ ലക്ഷ്മി വിലാസ് കൊട്ടാരവും മോദി സന്ദർശിക്കും. ഇതിനുശേഷം അംറേലിയിൽ എത്തുന്ന അദ്ദേഹം ഭാരത് മാതാ സരോവർ പദ്ധതി ഉദ്‌ഘാടനം ചെയ്യും. അംറേലി, ദേവഭൂമി, ദ്വാരക, ജാംനഗർ, പോർബന്ദർ എന്നീ ജില്ലകളെ ജനങ്ങൾക്കായി ഏകദേശം 4,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിക്കും.