പാകിസ്താൻ വൈറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റനായി മുഹമ്മദ് റിസ്വാനെ പ്രഖ്യാപിച്ചു. ബാബർ അസം രാജിവച്ച ഒഴിവിലാണ് വിക്കറ്റ് കീപ്പറെ നായകനാക്കിയത്. ക്യാപ്റ്റനായ ശേഷം റിസ്വാൻ നടത്തിയ വാർത്താ സമ്മേളനമാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. മുൻ ക്യാപ്റ്റൻ ബാബർ അസമിനെ കുത്തിയായിരുന്നു റിസ്വാന്റെ പരാമർശങ്ങൾ. ഞാൻ എന്നെ ഒരു രാജാവായ ക്യാപ്റ്റനായി കണക്കാക്കിയാൽ എല്ലാം തകരുമെന്നും ഒരു ലീഡറായി ടീമിനെ സേവിക്കാൻ ആഗ്രഹിക്കുന്നുമാണ് താരം പറഞ്ഞത്. ബാബറിനെ നേരത്തെ കിംഗ് എന്നായിരുന്നു വിശേഷപ്പിച്ചിരുന്നത്.
“ഞാൻ എന്നെ ഒരു രാജാവായ ക്യാപ്റ്റനായി കണക്കാക്കാൻ തുടങ്ങിയാൽ, എല്ലാം തകരും, പകരം, ഒരു ലീഡറെന്ന നിലയിൽ, ടീമിലെ 15 പേരെ സേവിക്കാൻ ഞാൻ ഇവിടെയുണ്ട്. ഇത് ഇങ്ങനെ ആയിരിക്കണം. എല്ലാവരുടെ സന്ദേശങ്ങളും പിന്തുണയും ഞങ്ങൾക്കാെപ്പമുണ്ട്. അവരെല്ലാം ഞങ്ങളോട് പറയുന്നത് ഒരു കാര്യം മാത്രമാണ്. പോരാടൂ..പോരാടൂ.. അവർ ഞങ്ങൾക്ക് ഈ സന്ദേശം വീണ്ടും വീണ്ടും അയച്ചുകൊണ്ടേയിരിക്കുന്നു. ഇൻഷാ അല്ലാഹ്, അതിന് വേണ്ടി ഞങ്ങൾ ശ്രമിക്കും. പോരാട്ടത്തിൽ അലംഭാവമില്ലെന്ന് ഞങ്ങൾ തെളിയിക്കും. വില്ല, ”റിസ്വാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ഞങ്ങൾ ഫലങ്ങൾ അല്ലാഹുവിന് വിട്ടിരിക്കുന്നു, ഫലം എന്തുതന്നെയായാലും ഞങ്ങൾ അത് അംഗീകരിക്കും. എന്നാൽ പോരാട്ട വീര്യത്തിന്റെ കാര്യത്തിൽ, ഒരു കുറവും ഉണ്ടാകില്ല-ഇതാണ് ഞങ്ങളുടെ ഉറപ്പ്,” റിസ്വാൻ കൂട്ടിച്ചേർത്തു.