ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ചൈനയോട് പണം കടം ചോദിച്ച് പാകിസ്താൻ. 1.4 ബില്യൺ യുഎസ് ഡോളർ സപ്ലിമെന്ററി ലോൺ നൽകണമെന്നാണ് അഭ്യർത്ഥിച്ചിരിക്കുന്നത്. ചൈനയുടെ ധനകാര്യ സഹമന്ത്രി ലിയാവോ മിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കറൻസി സ്വാപ്പ് എഗ്രിമെന്റ് പരിധി 40 ബില്യൺ യുവാൻ ആയി ഉയർത്തണമെന്ന് പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് അഭ്യർത്ഥിച്ചിരുന്നു
ഐഎംഎഫിന്റേയും ലോകബാങ്കിന്റേയും വാർഷിക യോഗം നടക്കുന്നതിനിടെയാണ് ധനമന്ത്രിയുടെ അഭ്യർത്ഥന. സമാന ആവശ്യം പാകിസ്താൻ നേരത്തേയും മുന്നോട്ട് വച്ചിരുന്നുവെങ്കിലും ചൈന ഇത് തള്ളിയിരുന്നു. ഇതിനിടെ കടം തിരിച്ചടക്കാനുള്ള കാലാവധി 2027 വരെ നീട്ടിയിരുന്നു. ചൈന-പാകിസ്താൻ കറൻസി സ്വാപ്പ് എഗ്രിമെന്റ് പ്രകാരം നിലവിലുള്ള 4.3 ബില്യൺ യുഎസ് ഡോളറിന്റെ ട്രേഡ് ഫിനാൻസ് ഫെസിലിറ്റി പാകിസ്താൻ പൂർണമായും വിനിയോഗിച്ചിട്ടുണ്ട്.
2011 ഡിസംബറിലാണ് ഇരുകൂട്ടരും തമ്മിൽ കരാറിൽ ഒപ്പുവച്ചത്. ഉഭയകക്ഷി ബന്ധം, നേരിട്ടുള്ള വിദേശ നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇരുകൂട്ടരും തമ്മിൽ കരാറിൽ ഏർപ്പെടുന്നത്. ചൈനയിൽ നിന്നുള്ള വായ്പാ പരിധി ഉയർത്താനുള്ള പാകിസ്താന്റെ ശ്രമം ഇത് ആദ്യമായിട്ടല്ല. 2022 നവംബറിൽ അന്നത്തെ ധനമന്ത്രി ഇഷാഖ് ദാറും 1.5 ബില്യൺ യുഎസ് ഡോളറിന്റെ അധിക സഹായം അഭ്യർത്ഥിച്ചിരുന്നു.വിദേശ കടങ്ങൾ തിരിച്ചടയ്‌ക്കുന്നതിനാണ് പാകിസ്താൻ പ്രധാനമായും ഈ തുക വിനിയോഗിച്ചത്.















