കാസർകോട്: വേഗവീരൻ വന്ദേ ഭാരത് എക്സ്പ്രസുകളുടെ കോച്ചുകളിലെ തറ, ശൗചാലയവാതിൽ, ബെർത്ത് എന്നിവ ഇനി കാസർകോട്ട് നിന്ന്. പഞ്ചാബിലെ ഖന്ന ആസ്ഥാനമായ മാഗ്നസ് പ്ലൈവുഡ്‌സാണ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ അനന്തപുരം വ്യവസായപാർക്കിൽ പ്ലാന്റ് തുടങ്ങും. ഇത് സംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവച്ചു.
കാലങ്ങളാളം കേടുകൂടാതെ നിൽക്കുന്നതും തീപ്പിടിത്തത്തെയും രാസവസ്തുക്കളെയുിം പ്രതിരോധിക്കുന്ന കംപ്രഗ് പ്ലൈവുഡ്, പ്രീലാമിനേറ്റഡ് ഷീറ്റ്, എൽപി ഷീറ്റ്, ശബ്ദവിന്യാസം ക്രമീകരിക്കുന്ന ബോർഡുകൾ എന്നിവയാണ് കാസർകോട് നിർമിക്കുക. ഇവ ചെന്നൈയിലെ കോച്ച് ഫാക്ടറിയിലേക്കാകും എത്തിക്കുക. നിർമാണ, വ്യവസായ, ഗതാഗത മേഖലയിൽ മൂന്ന് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് മാഗ്നസ് പ്ലൈവുഡ്സ്.
റെയിൽവേയുടെ കപുർത്തലയിലെ കോച്ച് ഫാക്ടറി, റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി, പാർട്ടീഷൻ പ്ലൈവുഡ് പാനൽ, കോച്ചിന്റെ തറയുടെ പലക, ശൗചാലയത്തിന്റെ ബോർഡ് എന്നിവ മാഗ്നസ് നിർമിച്ച് നൽകുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സ്, ബി.എസ്.എഫ്., ഗുജറാത്ത് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നിവയ്‌ക്കും കമ്പനി പ്ലൈവുഡ് വിതരണം ചെയ്യുന്നുണ്ട്.















