ന്യൂഡൽഹി: പുത്തൻ മുന്നേറ്റത്തിനൊരുങ്ങി ഇസ്രോ. ഉപഗ്രഹങ്ങളുടെ ഭാരം കുറയ്‌ക്കാൻ സഹായിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനത്തോട് കൂടിയ ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം ഡിസംബറിൽ നടക്കുമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചു. ടെക്നോളജി ഡെമോൺസ്ട്രേറ്റർ സാറ്റ്ലൈറ്റ് (ടിഡിഎസ്-1) എന്ന ബഹിരാകാശ പേടകമാണ് ചരിത്രം കുറിക്കാനൊരുങ്ങുന്നത്.
ഇന്ധനത്താൽ പ്രവർത്തിക്കുന്ന ത്രസ്റ്ററുകളേക്കാൾ ചെലവ് കുറവിൽ പേടകത്തെ ഭ്രമണപഥത്തിലെത്തിക്കാൻ ടിഡിഎസ്-1 ന് സാധിക്കും. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം സാധ്യമാക്കുന്ന SPADEX ഡോക്കിംഗ് പരീക്ഷണവും ഡിസംബറിൽ നടക്കും. ഭാരതത്തിന്റെ ബഹിരാകാശ നിലയമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിലെ ആദ്യപടിയാകുമിത്.
രാസരൂപത്തിലുള്ള ഇന്ധനത്തിന്റെ ഉപയോഗം കുറയ്‌ക്കാൻ ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റത്തിന് (ഇപിഎസ്) സാധിക്കും. വിക്ഷേപണ ഭ്രമണപഥത്തിൽ നിന്ന് ജിയോസ്റ്റേഷണറി ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ മാറ്റാൻ സൗരോർജ്ജമാണ് ഇപിഎസ് ഉപയോഗിക്കുന്നതെന്ന് സോമനാഥ് പറഞ്ഞു. സാധാരണയായി നാല് ടൺ ഭാരമുള്ള ഉപഗ്രഹത്തിന്റെ പകുതിയിലേറെയും ദ്രവരൂപത്തിലുള്ള ഇന്ധനമാണ്. ഇത് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിക്കുന്നത്. ഇന്ധനത്തിന്റെ ഭാരം കുറയ്‌ക്കാൻ ഇപിഎസിന് സാധിക്കും. അതിനാൽ തന്നെ ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഉപഗ്രഹത്തിന് രണ്ട് ടണ്ണിൽ കൂടുതൽ ഭാരമുണ്ടാകില്ല. എന്നാൽ ഇതിന് നാല് ടൺ ശേഷിയുണ്ടാകും.
2017-ൽ ഇസ്രോ വിക്ഷേപിച്ച് ജിസാറ്റ്-9-ന് ഊർജ്ജം പകരാനാണ് ഇപിഎസ് ആദ്യമായി ഉപയോഗിച്ചത്. ഇത് പൂർണതോതിൽ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്.