തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ സെനറ്റിൽ നിന്ന് പി.പി ദിവ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്. സെനറ്റ് അംഗം ഷിനോ പി ജോസാണ് കത്തയച്ചത്. സെനറ്റിൽ നിന്ന് ഒഴിവാക്കി വിസി വിജ്ഞാപനമിറക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിലാണ് പിപി ദിവ്യയെ സെനറ്റിലേക്ക് തിരഞ്ഞെടുത്തത്. രാജിവച്ച സ്ഥിതിക്ക് സെനറ്റിലും ദിവ്യക്ക് തുടരാനാകില്ലെന്ന് ഗവർണർക്ക് അയച്ച കത്തിൽ പറയുന്നു.
മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ആഴ്ചകളായി ഒളിവിൽ കഴിയുകയുമാണ് പിപി ദിവ്യ. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവി രാജി വച്ചെങ്കിലും കരിക്കുലം കമ്മിറ്റിയിൽ തുടരുന്നത് എല്ലാവരിലും അമർഷം സൃഷ്ടിക്കുന്നുണ്ട്. പിപി ദിവ്യ കരിക്കുലം കമ്മിറ്റിയിൽ തുടരുന്നത് വിദ്യാഭ്യാസ മേഖലയ്‌ക്കാകെ നാണക്കേടാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് അഭിപ്രായപ്പെട്ടു.