ന്യൂഡൽഹി: വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി എൻഐഎ. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ മാത്രം 400ലധികം വ്യാജ ഭീഷണി സന്ദേശങ്ങളാണ് വിവിധ വിമാനക്കമ്പനികൾക്ക് ലഭിച്ചത്. യാത്രക്കാരുടെ സുരക്ഷയ്‌ക്കുൾപ്പെടെ ഇത്തരം സന്ദേശങ്ങൾ കാരണമായിരുന്നു. ഇതിന് പിന്നാലെ എൻഐഎയുടെ സൈബർ വിഭാഗവും ഭീഷണി സന്ദേശങ്ങൾക്കെതിരെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വിദേശത്ത് നിന്നുൾപ്പെടെ ബോംബ് ഭീഷണി സന്ദേശങ്ങൾ വിമാനക്കമ്പനികൾക്ക് ലഭിച്ചിരുന്നു. സന്ദേശങ്ങളുടെ ആധികാരികത ഉൾപ്പെടെ സൈബർ വിഭാഗം പരിശോധിക്കും. വ്യോമഗതാഗത മേഖലയിൽ സുരക്ഷ ശക്തമാക്കുന്നതിനായിട്ടാണ് നീക്കം. വിവിധ സുരക്ഷാ ഏജൻസികളുമായി സഹകരിച്ചാണ് എൻഐഎയുടെ പ്രവർത്തനം. ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കൃത്യമായി കണ്ടെത്തി, സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുകയും സമയബന്ധിതമായി സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുന്ന സംവിധാനം ഒരുക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
തുടർച്ചയായി ബോംബ് ഭീഷണികൾ ലഭിച്ചതിന് പിന്നാലെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ബോംബ് ത്രെറ്റ് അസസ്‌മെന്റ് ടീമിനെ എൻഐഎയുടെ നേതൃത്വത്തിൽ വിന്യസിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിനായി ബിടിഎസി ടീം പരിശീലനവും നൽകുന്നുണ്ട്. മുംബൈ, ഡൽഹി തുടങ്ങിയ വിമാനത്താവളങ്ങളിലെല്ലാം ഇതിലെ ഉദ്യോഗസ്ഥർ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
വ്യാജ കോളുകൾ യഥാർത്ഥ ഭീഷണികളിൽ നിന്ന് വഴിതിരിച്ചു വിടുമെന്നും, ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതാണെന്ന മുന്നറിയിപ്പും സുരക്ഷാ ഏജൻസികൾ പങ്കുവയ്‌ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ കോളുകളുടേയും ആധികാരികത കൃത്യമായി പരിശോധിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 27 വിമാനങ്ങൾക്കാണ് പുതിയ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സ്പൈസ് ജെറ്റ്, ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര തുടങ്ങിയ വിമാന സർവ്വീസുകളെ ഇത് സാരമായി ബാധിക്കുകയും ചെയ്തു.















