റാഞ്ചി: ഝാർഖണ്ഡിലെ വർദ്ധിച്ചുവരുന്ന മുസ്ലീം ജനസംഖ്യയിൽ ആശങ്കയറിയിച്ച് ഗോഡ്ഡയിൽ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ. സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യയുടെ 11 ശതമാനം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ദേശീയ പ്രശ്നമായി മാറിക്കഴിഞ്ഞു. ഇതിനെതിരെ ജാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും കണ്ണടയ്ക്കുകയാണെന്നും എംപി ആരോപിച്ചു.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് രാജ്യത്ത് പൗരത്വം ലഭിച്ചതിന്റെ ഫലമാണ് ജാർഖണ്ഡിലെയും സന്താൾ പർഗാനയിലെയും മുസ്ലീം ജനസംഖ്യയിലുണ്ടായ വർദ്ധനവ്.1951ൽ മുസ്ലീം ജനസംഖ്യ 9 ശതമാനമായിരുന്നു, ഇന്ന് അത് 24 ശതമാനമാണ്. രാജ്യത്തുടനീളം മുസ്ലിംങ്ങളുടെ എണ്ണം 4 ശതമാനം വർദ്ധിച്ചു. സന്താൾ പർഗാനയിൽ ഇത് 15 ശതമാനം വർദ്ധിച്ചു. ഈ 11 ശതമാനം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ്, ജാർഖണ്ഡ് സർക്കാർ ഈ സത്യം അംഗീകരിക്കുന്നു, നിഷികാന്ത് ദുബെ പറഞ്ഞു.
സന്താൾ പർഗാനയിൽ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച ഒരു രേഖയും അദ്ദേഹം എക്സിലൂടെ പങ്കുവച്ചു. “ഝാർഖണ്ഡിലെ ആദിവാസി ജനസംഖ്യ കുറയുന്നതിന്റെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യൻ പൗരന്മാരാക്കി നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും മാനവും ഭൂമിയും കൊള്ളയടിക്കുകയും ചെയ്തതിന്റെ തെളിവാണിത്. ഝാർഖണ്ഡ് സർക്കാരിന്റെതാണ് ഈ കത്ത്. വോട്ട് ബാങ്കിനായി കോൺഗ്രസും ജെഎംഎമ്മും നമ്മുടെ സന്താൾ പർഗാനയെ ബംഗ്ലാദേശിൽ ലയിപ്പിക്കാൻ ഗൂഢാലോചന നടത്തുകയാണ്,” അദ്ദേഹം കുറിച്ചു.
ഇത് തെരഞ്ഞെടുപ്പിന് അതീതമായൊരു ദേശീയ പ്രശ്നമാണ്. അതിനാലാണ് ബിജെപി ഇതിനെതിരെ ശബ്ദമുയർത്തുന്നത്. അതേസമയം വോട്ടുബാങ്കിനായി ജെഎംഎമ്മും കോൺഗ്രസും ഈ വിഷയം കണ്ടില്ലെന്ന് നടിക്കുകയാണെന്നും സംസ്ഥാനത്തെ വനവാസികളെ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.