ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്. 31-കാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് നടപടി. ഒക്ടോബർ 26, ശനിയാഴ്ചയാണ് സംവിധായകനെതിരെ ബെംഗളൂരു പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നോർത്ത് വെസ്റ്റേൺ ഡിവിഷനിലുള്ള BIAL പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് വിവരം.
ആദ്യം കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. കുറ്റകൃത്യം നടന്നത് ബെംഗളൂരുവിൽ വച്ചായതിനാൽ ബെംഗളൂരു പൊലീസിന് കേരളാ പൊലീസ് കേസ് കൈമാറുകയായിരുന്നു. യുവാവിന്റെ പരാതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ബെംഗളൂരു പൊലീസ് അറിയിച്ചു.
കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2021ലാണ് യുവാവ് രഞ്ജിത്തിനെ പരിചയപ്പെടുന്നത്. ബാവുട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് മമ്മൂട്ടിയെ കാണാൻ എത്തിയപ്പോഴായിരുന്നു രഞ്ജിത്തിനെ യുവാവ് ആദ്യമായി കാണുന്നത്. അപ്പോൾ യുവാവിന്റെ ഫോൺ നമ്പർ വാങ്ങിയ സംവിധായകൻ പിന്നീട് ബെംഗളൂരുവിലെ കെംപകൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ആഡംബര ഹോട്ടലിലേക്ക് ക്ഷണിച്ച് വരുത്തുകയായിരുന്നു.
നാലാമത്തെ നിലയിലെ റൂമിലേക്ക് വരാൻ ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോൾ മദ്യം വച്ചുനീട്ടി. നിർബന്ധിപ്പിച്ച് കുടിപ്പിച്ചു. ശേഷം തന്റെ വസ്ത്രമുരിഞ്ഞ്, ലൈംഗികമായി അതിക്രമിച്ചുവെന്നും പരാതിക്കാരൻ പറയുന്നു. സംഭവത്തിൽ ബെംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.