ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിനെ പുറത്താക്കി. ക്ലബിന്റെ മോശം പ്രകടനത്തെ തുടർന്നാണ് നീക്കം. ആരാധകർ പരിശീലകനെ പുറത്താക്കണമെന്ന് മുറവിളി കൂട്ടിയിരുന്നു. ഇടക്കാല പരിശീലകനായി മുൻ സ്ട്രൈക്കർ റൂഡ് വാൻ നിസ്റ്റൽ റൂയ് ആണ് താത്കാലിക പരിശീലകൻ. 2022-ൽ ചുമതലയേറ്റ ടെൻഹാഗിന് ക്ലബിനൊപ്പം രണ്ടു ആഭ്യന്തര ട്രോഫികൾ നേടാനായി. 2023 ലെ കരാബോ കപ്പും, 2024-ൽ എഫ് എ കപ്പുമാണ് സ്വന്തമാക്കിയത്. 2013-ൽ സർ അലക്സ് ഫെർഗൂസൺ വിരമിച്ച ശേഷം നിയമിതനാകുന്ന അഞ്ചാമത്തെ മാനേജരായിരുന്നു ടെൻഹാഗ്
പരിശീലകനെ പുറത്താക്കിയ വിവരം ക്ലബ് തന്നെയാണ് ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സമയത്ത് ക്ലബിനായി ചെയ്തതിനെല്ലാം നന്ദിയുണ്ടെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വെസ്റ്റ്ഹാമിനോടും തോറ്റതോടെയാണ് ടെൻഹാഗിന്റെ സീറ്റ് തെറിച്ചത്. പ്രീമിയർ ലീഗിലെ നാലാം തോൽവിയായിരുന്നു ഇത്. ഈ സീസണിൽ 14-ാം സ്ഥാനത്താണ് ക്ലബ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടുമ്പോൾ ടെൻഹാഗിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.