മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് ക്രിസ്തുമസിന് തിയേറ്ററുകളിലെത്തുമെന്ന് സൂചന. ക്രിസ്തുമസ് റിലീസായി ഡിസംബർ 19-ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് വിവരം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ബറോസിന്റെ ഫൈനൽ മിക്സിംഗ് പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു.
സംവിധായകൻ പ്രിയദർശന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ ഫോർ ഫെയിംസിലാണ് ചിത്രത്തിന്റെ ഡോൾബി അറ്റ്മോസ് മിക്സിംഗ് നടന്നത്. സംവിധായകൻ ടി കെ രാജീവ് കുമാറാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മോഹൻലാലിനൊപ്പം സ്റ്റുഡിയോയിൽ നിൽക്കുന്ന ചിത്രവും രാജീവ് കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ആയതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ ബറോസ് ഏറെ ശ്രദ്ധ നേടിയിരുന്നു. 2019-ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.