തിരുവനന്തപുരം: തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വച്ചാണ് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വഴിക്കാണ് സംഭവം. അപകടത്തിൽ മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാർ സംഭവിച്ചിട്ടുണ്ട്. ആർക്കും പരിക്കുപറ്റിയിട്ടില്ല.
വൈകീട്ട് 5:44 ഓടെയാണ് സംഭവം. വാഹനങ്ങൾ ഇരുദിശയിലേക്കും സഞ്ചരിക്കുന്ന റോഡിലാണ് അപകടം നടന്നത്. റോഡിന്റെ ഇടതു വശത്തുനിന്നും വലതുവശത്തേക്ക് പോകാൻ സ്കൂട്ടർ യാത്രക്കാരി ശ്രമിച്ചതാണ് കൂട്ടിയിടിക്ക് കാരണമായതെന്നാണ് വിലയിരുത്തൽ. സ്കൂട്ടർ യാത്രക്കാരി കൃത്യമായി ഇൻഡിക്കേറ്റർ ഇട്ടതിനുശേഷമാണ് റോഡിനു മധ്യഭാഗത്തുനിന്നും തിരിയുന്നതെന്ന് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ പാഞ്ഞുവന്ന മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം പെട്ടന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. ഇതോടെ പിന്നാലെ വന്ന പൊലീസ് ജീപ്പ്, മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കാർ, ആംബുലൻസ് എന്നിവയടക്കം ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് കമാൻഡോസ് പുറത്തിറങ്ങി മുഖ്യമന്ത്രിയുടെ സുരക്ഷ പരിശോധിച്ചു. മറ്റ് കുഴപ്പങ്ങളില്ലാത്തതിനാൽ യാത്ര തുടരുകയും ചെയ്തു.