തിരുവനന്തപുരം: കെ മുരളീധരനെ സിപിഎമ്മിലേക്ക് ക്ഷണിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. മുരളീധരൻ കോൺഗ്രസിൽ തുടർച്ചയായി അവഗണന നേരിടുന്നുവെന്നും ഹൈക്കമാൻഡിന് ഡിസിസി പ്രസിഡന്‍റ് അയച്ച കത്തിൽ പോലും അനുകൂല നടപടിയുണ്ടായില്ലെന്നും എ കെ ബാലൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ കെ ബാലൻ.
കെ മുരളീധരനെ പാർട്ടി ഒഴിവാക്കിയത് പോലെയാണ് ഇപ്പോൾ. പറ്റുമെങ്കിൽ മുരളീധരൻ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണം. കൂറുമാറിയ ആളെ പോലെയാണ് പാർട്ടിയ്‌ക്ക് അദ്ദേഹത്തോടുള്ള സമീപനം. കോൺഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരൻ തെളിയിക്കണം. കെ കരുണാകരനെ പറ്റി പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് രാഹുൽ പറഞ്ഞത്. അതിൽ കോൺഗ്രസും അതൃപ്തിയിലാണ്.
കോൺഗ്രസിലെ കത്തിനപ്പുറമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരും. കോൺഗ്രസിനുള്ളിൽ നാറിയിട്ട് നിക്കണോയെന്ന് മുരളീധരൻ തന്നെ തീരുമാനിക്കണം. സരിൻ കറകളഞ്ഞ സഖാവാകാൻ ഇനിയും സമയമെടുക്കും, സരിൻ പറയുന്നതല്ല, പാർട്ടിയുടെ നിലപാടെന്നും എ കെ ബാലൻ പറഞ്ഞു.
അതേസമയം, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും 2029-ൽ മത്സരിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. തോൽവി മുന്നിൽ കാണുന്ന തെരഞ്ഞെടുപ്പാണെങ്കിൽ പാർട്ടി ഉറപ്പായും മത്സരിപ്പിക്കുമെന്നും പാർട്ടി പറയുന്നത് കേട്ട് എടുത്തുചാടാൻ താനില്ലെന്നും മുരളീധരൻ പറഞ്ഞു.
പാലക്കാട് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നേതൃത്വം കത്ത് നൽകിയിരുന്നുവെന്നും അത് മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിതെന്നുമുളള വിവാദം കെട്ടടങ്ങിയിട്ടില്ല. സീറ്റ് ലഭിക്കാത്തതിനാൽ കോൺഗ്രസ് വിട്ടെത്തിയ സരിന് സ്ഥാനാർത്ഥിത്വം നൽകിയതിൽ സിപിഎമ്മിലും അതൃപ്തിയുണ്ട്. ഇതിനിടയിലാണ് എകെ ബാലന്റെ പ്രസ്താവന.