ചേലക്കര: പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ ജനങ്ങൾ ടിവിയിൽ കാണണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാന ബില്ലുകൾ വരുമ്പോൾ ആരൊക്കെയാണ് ജനവഞ്ചകരെന്ന് തിരിച്ചറിയണം. ഇൻഡിയെന്നോ കിണ്ടിയെന്നോ പറഞ്ഞ് കൂട്ടംകൂടി ചേർന്നിരുന്ന് ഇന്ത്യയില ജനങ്ങളെ വഞ്ചിക്കുന്നത് സശ്രദ്ധം വീക്ഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ചേലക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി. വഖഫ് ബോർഡ് ഭേദഗതി ബില്ലിനെ എതിർക്കുന്ന എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നിലപാടിനെ തുറന്നുകാട്ടിയായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
സീരിയലുകൾ, നമുക്ക് ആനന്ദമായരിക്കും സിനിമ കാണുന്നതും ആനന്ദമായിരിക്കും. പക്ഷെ ജീവിതത്തിന് നേർക്കുയരുന്ന ഒടിക്കപ്പെടേണ്ട ചോദ്യചിഹ്നങ്ങൾ ഏതൊക്കെയാണെന്ന ചിന്ത നിങ്ങളിൽ വരണമെങ്കിൽ പാർലമെന്റിൽ ഇത്തരം ബില്ലുകൾ പാസാക്കുമ്പോൾ കാണണം. മുനമ്പം ആയാലും ചെറായി ആയാലും കേരളത്തിലെയും ഭാരതത്തിലെയും മറ്റ് പ്രദേശങ്ങളിലെയും ഈ അധമ നുഴഞ്ഞുകയറ്റം പാർലമെന്റ് കമ്മിറ്റി കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
പാർലമെന്ററി സമിതിക്ക് മുൻപിലും ചോരപ്പുഴ ഒഴുക്കാൻ ശ്രമം ഉണ്ടായെങ്കിൽ ആ ആളിന്റെ രാഷ്‌ട്രീയ പാരമ്പര്യം നിങ്ങൾ അന്വേഷിക്കണം. സ്വയം കുപ്പി തല്ലിപ്പൊട്ടിച്ച് സ്വന്തം കൈക്ക്് പത്തോ ഇരുപതോ സ്റ്റിച്ച് ഇട്ടെങ്കിൽ അതിന്റെ ഉദ്ദേശ്യം നിങ്ങൾ അറിയണം. ഒരു ചോരപ്പുഴയും ആരും ഒഴുക്കേണ്ടി വരില്ല ഒരു കണ്ണീർപുഴയും സൃഷ്ടിക്കേണ്ടി വരില്ല. ഇത് പുഷ്പിതമായ പരവതാനി വിരിക്കുന്ന പരിണിത ഫലത്തിലേക്ക് എത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കർണന്റെ കവചം പോലൊരു കവചം പാലക്കാട്ടെ ജനങ്ങൾക്ക് ഒരുക്കിയിട്ടുണ്ടെങ്കിൽ അതിന് 56 ഇഞ്ച് എന്ന് വിളിക്കുമെങ്കിൽ ആ 56 ഇഞ്ച് ബാക്കി കാര്യങ്ങൾ നോക്കിക്കൊളളുമെന്ന് പറഞ്ഞാണ് സുരേഷ് ഗോപി അവസാനിപ്പിച്ചത്.















