തൃശൂർ: ഇടതും വലതും അല്ല, മൂന്നാമതൊരു ജനശക്തി വേണമെന്ന് കേരളജനത തീരുമാനിച്ച് കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടത് -വലത് പാർട്ടികൾ മാത്രം മതിയെന്ന് ചിന്തിച്ചിരുന്ന ജനങ്ങൾ, അതല്ല മൂന്നാമതൊരു ശക്തി മുന്നോട്ട് വരണമെന്ന് ചിന്തിച്ചിരിക്കുന്നുവെന്നും അതിന്റെ ഉദാഹരണമാണ് സുരേഷ് ഗോപിയുടെ വിജയമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എൻഡിഎ ചേലക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷന്റെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ചർച്ച ചെയ്യേണ്ട ഒരു വിഷയവും ചർച്ച ചെയ്യാൻ വി.ഡി. സതീശനോ പിണറായി വിജയനോ സാധിക്കുന്നില്ല. അവർ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയാണ്. പൂരം കലക്കിയതിന് സർക്കാർ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നു. പൂരം കലക്കിയത് പിണറായി വിജയനാണ്. എഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് പൂരം കലക്കാൻ പദ്ധതിയിട്ടത്.
ശബരിമല തീർത്ഥാടനം തകർക്കാൻ നോക്കുന്നത് പോലെയാണ് അവർ പൂരം കലക്കാനും ശ്രമിച്ചത്. വിശ്വാസികൾ പ്രതിഷേധിച്ചപ്പോൾ എന്തുകൊണ്ട് മുരളീധരനും സുനിൽ കുമാറും എത്താതിരുന്നത്. അറിഞ്ഞ ഭാവം നടിക്കാത്തത് എന്തുകൊണ്ടാണ്. ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കാൻ ശ്രമിച്ചപ്പോൾ ഒരു കോൺഗ്രസുകാരനോ കമ്യൂണിസ്റ്റുകാരനോ ഉണ്ടായിരുന്നില്ല. അവിടെ ശക്തമായി പ്രതിഷേധിക്കാൻ ബിജെപി മാത്രമാണ് ഉണ്ടായിരുന്നത്. കാരണം ആചാരങ്ങൾ ആര് ലംഘിക്കാൻ ശ്രമിച്ചാലും അവരെ നേരിടാൻ ബിജെപി ഉണ്ടായിരിക്കും.
പൂരം കലക്കിയത് പിണറായി ആണെന്ന് പറയാനുള്ള ധൈര്യം വി ഡി സതീശന് ഇല്ലാത്തത് എന്താണ്. കേരളത്തിലെ എല്ലാ ക്രൈസ്തവ സംഘടനകളും ഇന്ന് കോൺഗ്രസ് വിട്ടിരിക്കുകയാണ്. പാറ പോലെ ഉറച്ച് നിന്നവർ കോൺഗ്രസിനെ ഒഴിവാക്കി. യുഡിഎഫിനും എൽഡിഎഫിനുമിടയിൽ വികസനത്തിന്റെ രാഷ്‌ട്രീയം ചർച്ച ചെയ്യാൻ ബിജെപിയെ ജനങ്ങൾ അനുവദിക്കണം.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ രാക്ഷസി ഒളിവിലാണ്. അതിനെതിരെയും പ്രതിപക്ഷ നേതാവിന് മൗനമാണ്. എൽഡിഎഫിനെയും യുഡിഎഫിനെയും തൂത്തെറിയാനുള്ള സുവർണ അവസരമാണ് ഈ തെരഞ്ഞെടുപ്പ്. പ്രിയങ്ക ഗാന്ധി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് മറച്ചുവച്ചിരിക്കുന്നത്. വാങ്ങിക്കൂട്ടിയ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ വിവരങ്ങൾ മറച്ചുവച്ചിരിക്കുന്നു. ഒരു മാസത്തിനിടയിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നിയമ നടപടിയിലേക്ക് കടക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.