കണ്ണൂർ: രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന പുന്നാട് അശ്വിനി കുമാർ വധക്കേസ് വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ വാദം പൂർത്തിയായ കേസിൽ 14 എൻഡിഎഫ് പ്രവർത്തകരാണ് പ്രതികൾ. 2005 മാർച്ച് പത്തിന് കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് പോവുകയായിരുന്ന അശ്വനികുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽ ബസിനുള്ളിൽ വെച്ചാണ് എൻഡിഎഫ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികളിൽ നാലുപേർ ബസിനുള്ളിലും മറ്റുള്ളവർ ജീപ്പിലുമെത്തിയാണ് കൃത്യം നിർവഹിച്ചത്. കത്തികൊണ്ട് കുത്തിയും വാളുകൊണ്ടു വെട്ടിയുമാണ് അശ്വനികുമാറിനെ എൻഡിഎഫുകാർ കൊലപ്പെടുത്തിയത്. അശ്വിനി കുമാർ സഞ്ചരിച്ച ബസിന്റെ മുന്നിലും പിന്നിലും ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷമാണ് അക്രമിസംഘം അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. അശ്വിനി കുമാറിനെ കൊലപ്പെടുത്തിയിട്ട് 19 വർഷങ്ങൾ പിന്നിടുമ്പോഴാണ് കേസിന്റെ വിധി വരുന്നത്. കൊലപാതകം നടന്ന് 15 വർഷങ്ങൾക്ക് ശേഷമായിരുന്നു കേസിന്റെ വിചാരണ ആരംഭിച്ചത്.
മയ്യിലെ കരിയാടൻ താഴത്ത് വീട്ടിൽ നൂറുൽ അമീൻ (40), പി.കെ.അസീസ് (38), ചാവശ്ശേരി ഷരീഫ മൻസിലിൽ എം.വി. മർഷൂദ് (38), ശിവപുരം പുതിയ വീട്ടിൽ പി.എം.സിറാജ് (38), ഉളിക്കൽ ഷാഹിദ മൻസിലിൽ മാവിലകണ്ടി എം.കെ.യുനസ് (43), ശിവപുരം എ.പി.ഹൗസിൽ സി.പി.ഉമ്മർ (40), ഉളിയിൽ രയരോൻ കരുവാൻ വളപ്പിൽ ആർ.കെ.അലി (45), കൊവ്വമൽ നൗഫൽ (39), പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സി.എം.വീട്ടിൽ മുസ്തഫ (47), കീഴൂരിൽ വയ്യപ്പുറത്ത് ബഷീർ (49), ഇരിക്കൂർ സ്വദേശികളായ മുംതാസ് മൻസിലിൽ കെ.ഷമ്മാസ് (35), കെ.ഷാനവാസ് (44), ബഷീർ (40) എന്നിവരാണ് കേസിൽ വിചാരണ നേരിട്ടത്.















