നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി പടക്കങ്ങൾ സൂക്ഷിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്ര ഭാരവാഹികളെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മിറ്റി പ്രസിഡന്റ് ശേഖരൻ, സെക്രട്ടറി കെ.ടി ഭരതൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ചെറിയ പടക്കങ്ങൾ മാത്രമാണ് വെടിക്കെട്ടുപുരയിൽ സൂക്ഷിച്ചതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വാദം. രണ്ട് ദിവസത്തേക്കുള്ള പടക്കങ്ങൾ മാത്രമാണ് ഷെഡ്ഡിൽ സൂക്ഷിച്ചതെന്നും ഇവർ പറയുന്നു. എന്നാൽ പടക്കം സൂക്ഷിച്ച ഇടത്തോട് ചേർന്ന് തന്നെ വെടിക്കെട്ട് നടത്തിയതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. പടക്കം കത്തിച്ചതിന്റെ തീപ്പൊരി വീണാണ് പടക്കശാലയിൽ ഉണ്ടായിരുന്ന പടക്കങ്ങൾക്ക് തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായത്.
അതേസമയം വെടിക്കെട്ട് നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. പടക്കങ്ങൾ സൂക്ഷിച്ചത് അനുമതി ഇല്ലാതെയാണ്. പടക്കം പൊട്ടിച്ചതിന് അടുത്ത് തന്നെ കൂടുതൽ പടക്കങ്ങൾ സൂക്ഷിച്ചതാണ് അപകടത്തിന് കാരണമായത്. 100 മീറ്റർ അകലം വേണമെന്നിരിക്കെ പടക്കപ്പുരയുടെ രണ്ടോ മൂന്നോ അടി മാത്രം അകലെ വച്ചാണ് പടക്കം പൊട്ടിച്ചത്. സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ എട്ട് പേരുടെ നില ഗുരുതരമാണ്. അനുമതിയില്ലാതെ വെട്ടിക്കെട്ട് നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
വെടിക്കെട്ടുപുരയ്‌ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 12.20ഓടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവർ പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ മിംസ് എന്നിവിടങ്ങളിൽ ചികിത്സയിൽ തുടരുകയാണ്. ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. ഇയാൾക്ക് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ചിതറിയോടുന്നതിനിടെയാണ് കൂടുതൽ പേർക്കും പരിക്കേറ്റതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.