കാസർകോട്: നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്‌ക്ക് തീപിടിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കമ്പംകെട്ട് ഉണ്ടാകില്ലെന്ന് ഉറപ്പിക്കുന്നതിൽ ക്ഷേത്രഭാരവാഹികൾക്കും വീഴ്ച സംഭവിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ന് പതിനായിരങ്ങൾ പങ്കെടുക്കേണ്ട ഇടത്താണ് അപകടം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടം ക്ഷണിച്ചുവരുത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും പറഞ്ഞു. അത്യന്തം അശ്രദ്ധ കാരണം സംഭവിച്ച അപകടമാണിത്. വെടിക്കെട്ട് നടത്തുമ്പോൾ പാലിക്കേണ്ട ചില നിബന്ധനകളുണ്ട്. അവ പാലിക്കുന്നതിൽ നടത്തിപ്പുകാർ പാരജയപ്പെട്ടു. പടക്കം കൈകാര്യം ചെയ്തത് ആരാണ് എന്നതിൽ ഗൗരവമായ പരിശോധന നടത്തണം. മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാത്ത സാഹചര്യം ഉണ്ടാവണം. വിശദമായ അന്വേഷണം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെടിക്കെട്ട് നടത്തുന്നതിനായി അനുമതി തേടിയിരുന്നില്ലെന്ന് കാസർകോട് ജില്ലാ കളക്ടറും വ്യക്തമാക്കി. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നൽകിയിരുന്നില്ല. സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. സംഭവത്തിൽ ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.















