കണ്ണൂർ: വിധി പരിശോധിച്ച ശേഷം യുക്തമായ തീരുമാനങ്ങളെടുക്കുമെന്ന് പിപി ദിവ്യക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കെ. വിശ്വൻ. കോടതിയുടെ ഉത്തരവ് ലഭിച്ചിട്ടില്ല. മുൻകൂർ ജാമ്യപേക്ഷ തള്ളിയെന്ന വിവരം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അഭിഭാഷകൻ പറഞ്ഞു.
കോടതി മുൻപാകെ ഹർജിക്കാരിക്ക് അവതരിപ്പിക്കാനുള്ള വിഷയങ്ങൾ എല്ലാം അവതരിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കും. പൊതുപ്രവർത്തക എന്ന നിലയിൽ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായുണ്ടായ സംഭവമാണിത്. നിയമസംവിധാനത്തിന്റെ സഹായത്തോടെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യപേക്ഷകൾ തള്ളുന്നത് സാധാരണമാണ്. കോടതി മുൻപാകെ അവർക്ക് പറയാനുള്ള കാര്യങ്ങൾ വീണ്ടും അവതരിപ്പിക്കും. ഇടിച്ച് കയറി അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല, അവർ വനിതയല്ലേയെന്നും കെ വിശ്വൻ ചോദിച്ചു.
ഏറെ ഉത്തരവാദിത്തങ്ങളുള്ള പൊതുപ്രവർത്തകയാണ് പിപി ദിവ്യ എന്നാണ് കോടതിയിൽ കെ. വിശ്വൻ വാദിച്ചത്. സാമൂഹിക പ്രവർത്തകയെന്ന നിലയിൽ ദിവസം 250 കിലോമീറ്റർ സഞ്ചരിക്കുന്നയാളാണ്, നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് വിശ്വൻ കോടതിയിൽ വാദിച്ചത്. പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ല. നീ പോയി തുങ്ങി മരിച്ചോ എന്ന് പറഞ്ഞാൽ പോലും ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ കഴിയില്ലെന്നാണ് സുപ്രീം കോടതി പോലും പറഞ്ഞതെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. അപകീർത്തിപ്പെടുത്തി നടത്തിയ ആറ് മിനിറ്റ് പ്രസംഗത്തിന് 60 മിനിറ്റോളമെടുത്താണ് കെ. വിശ്വൻ ന്യായീകരണം നൽകിയത്. എന്നാൽ വെറും ഒന്നര മിനിറ്റ് കൊണ്ടാണ് കോടതി മുൻകൂർ ജാമ്യപേക്ഷയിൽ വിധി പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.















