ന്യൂഡൽഹി: ആപ്പിളിന്റെ ഇന്ത്യയിൽനിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്. സെപ്റ്റംബർ വരെയുള്ള ആറുമാസത്തിനിടെ കയറ്റുമതി മൂന്നിലൊന്നായി കുതിച്ചുയർന്നു. ഏകദേശം 6 ബില്യൺ ഡോളറിന്റെ ഇന്ത്യൻ നിർമ്മിത ഐഫോണുകളാണ് യുഎസ് കമ്പനി രാജ്യത്തുനിന്നും കയറ്റി അയച്ചത്. ഉത്പാദനം വർധിപ്പിക്കാനും ചൈനയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനുമുള്ള കമ്പനിയുടെ തീരുമാനമാണ് ഈ നേട്ടത്തിന് പിന്നിൽ.
2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 10 ബില്യൺ ഡോളറിന്റെ വാർഷിക കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക സബ്‌സിഡികൾ, വിദഗ്ധ തൊഴിലാളികൾ, രാജ്യത്തിന്റെ സാങ്കേതിക കഴിവുകളിലെ മുന്നേറ്റം എന്നിവ പ്രയോജനപ്പെടുത്തി ആപ്പിൾ ഇന്ത്യയിലെ നിർമ്മാണ ശൃംഖല അതിവേഗം വിപുലീകരിക്കുകയാണ്. യുഎസും ചൈനയുമായി നിലനിൽക്കുന്ന നയതന്ത്ര പ്രശ്നങ്ങളും ഇതുമൂലമുള്ള അപകട സാധ്യതകളും കണക്കിലെടുത്ത് നിർമ്മാണത്തിന് ചൈനയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ നിർണായക ഭാഗമാണ് ഇന്ത്യ.
നിലവിൽ ആപ്പിളിന് മൂന്ന് വിതരണക്കാരാണ് ഉള്ളത്. തായ്‌വാനിലെ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്, പെഗാട്രോൺ കോർപറേഷൻ, ഐഫോണുകൾ അസംബിൾ ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ടാറ്റ ഇലക്ട്രോണിക്സ്. ചെന്നൈയിൽ പ്രവർത്തിക്കുന്ന ഫോക്സ്കോണിന്റെ പ്രാദേശിക യൂണിറ്റാണ് രാജ്യത്തെ ഐഫോൺ കയറ്റുമതിയുടെ പകുതിയും വഹിക്കുന്നത്.
മോദി സർക്കാർ നൽകിയ സബ്‌സിഡികൾ മികച്ച ക്യാമറകളും ടൈറ്റാനിയം ബോഡിയോടും കൂടിയ ആപ്പിളിന്റെ വിലയേറിയ ഐഫോൺ 16 പ്രോ, പ്രോ മാക്‌സ് മോഡലുകൾ ഈ വർഷം ഇന്ത്യയിൽ അസംബിൾ ചെയ്യാൻ സഹായിച്ചു. തെക്കൻ ടെക് ഹബ്ബായ ബാംഗ്ലൂരിലും പടിഞ്ഞാറൻ നഗരമായ പൂനെയിലും ഉൾപ്പെടെ പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാനും ആപ്പിൾ ശ്രമിക്കുന്നുണ്ട്. 2030-ഓടെ ഇന്ത്യയിലെ വിൽപ്പന 33 ബില്യൺ ഡോളറിലെത്തുമെന്നാണ് ബ്ലൂംബെർഗ് ഇൻ്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.