ഹൈദരാബാദ്: ഹൈദരാബാദിൽ റോഡരികിലെ കടയിൽ നിന്നും മോമോസ് കഴിച്ച യുവതി മരിച്ചു. അവശനിലയിലായ 15 പേർ ചികിത്സയിലാണ്. 31 വയസുള്ള സ്ത്രീയാണ് മോമോസ് കഴിച്ചതിനെത്തുടർന്ന് മരണപ്പെട്ടത്. ഒരേ കച്ചവടക്കാരൻ നഗരത്തിലെ പല സ്ഥലങ്ങളിലായി വിറ്റ മോമോസ് കഴിച്ചാണ് ആളുകൾക്ക് ഭക്ഷ്യ വിഷബാധയേറ്റതെന്ന് പൊലീസ് പറഞ്ഞു.
ഹൈദരാബാദിലെ ബൻജാര ഹിൽസ് റോഡിലെ കടയിൽ നിന്ന് മോമോസ് കഴിച്ചവരാണ് ചികിത്സയിൽ കഴിയുന്നത്. മരിച്ച സ്ത്രീയുൾപ്പെടെയുള്ളവർ ‘ഡൽഹി മോമോസ്’ എന്ന പേരിലുള്ള ഫുഡ് സ്റ്റാളിൽ നിന്നാണ് മോമോസ് കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പ് ബിഹാറിൽ നിന്ന് വന്ന ആറ് പേർ ചേർന്നാണ് കട നടത്തിയിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
മോമോസ് കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മരിച്ച യുവതിയുടെ കുടുംബാംഗം പറഞ്ഞു. മോമോസ് കഴിച്ച് ഒരു മണിക്കൂറിന് ശേഷമാണ് യുവതി ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെയാണ് മരണം. കടയുടമകളെക്കുറിച്ച് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) അന്വേഷണം ആരംഭിച്ചു. ലൈസൻസില്ലാതെയാണ് സ്റ്റാൾ പ്രവർത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.















