ബെംഗളൂരു: വഖഫ് അധിനിവേശത്തിൽ പ്രതിഷേധിച്ച് വിജയപുരയിലെ കർഷകർ ദീപാവലി ആഘോഷം ഉപേക്ഷിച്ചു. പ്രതിഷേധ സൂചകമായി ഈ വർഷം ദീപാവലി ആഘോഷിക്കില്ലെന്ന് ജില്ലയിലെ കർഷകർ കൂട്ടത്തൊടെ പ്രതിജ്ഞയെടുത്തു.
“ഞങ്ങൾ ഈ ഭൂമിയിലാണ് തലമുറകളായി താമസിച്ച് കൃഷി ചെയ്യുന്നത്. ഇപ്പോൾ ഞങ്ങളെ ഈ ഭൂമിയിൽ നിന്ന് ഇറക്കിവിടാൻ സർക്കാർ ശ്രമിക്കുന്നു. ഇത് കേവലം നിയമപ്രശ്നമല്ല. ഇത് നിലനിൽപ്പിന്റെ പ്രശ്‌നമാണ്,” നോട്ടീസ് ലഭിച്ച ഒരു കർഷകൻ പറഞ്ഞു.
ആഴ്ചകൾക്ക് മുമ്പാണ് വിജയപുര ജില്ലയിലെ ഹോൻവാഡ ഗ്രാമത്തിൽ 1200 ഏക്കർ കൃഷി ഭൂമിക്ക് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത്. 41 കർഷകർക്ക് ഇത് സംബന്ധിച്ച് നോട്ടീസും ലഭിച്ചു. കർണ്ണാടക സർക്കാരും വഖഫും തമ്മിലുള്ള ഒത്തുകളിയാണെന്ന് ബോധ്യമായതോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. അഖണ്ഡ കർണാടക ഫാർമേഴ്‌സ് അസോസിയേഷന്റെയും കർണാടക സ്റ്റേറ്റ് ഫാർമേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ബിജെപിയും പിന്തുണയുമായി സമരമുഖത്തുണ്ട്.
കർഷകരുടെ ഉപജീവനമാർഗം നഷ്ടപ്പെടുത്തി ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള നഗ്നമായ ശ്രമമാണ് സർക്കാരിന്റെ നടപടിയെന്ന് ഇരു സംഘടനകളും കുറ്റപ്പെടുത്തി. രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ കോൺഗ്രസ് വഞ്ചിക്കുകയാണെന്നും ഇത്തവണ തങ്ങൾ ദീപാാവലി ആഘോഷിക്കില്ലെന്നും കർണാടക സ്റ്റേറ്റ് ഫാർമേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് സംഗമം സാഗര പറഞ്ഞു. ഓഗസ്റ്റ് 29 ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് കർഷകർ പ്രസ്താവനയിൽ അറിയിച്ചു.
കർണാടകയിലുടനീളമുള്ള കർഷകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ വിഷയം വിജയപുരയ്‌ക്കപ്പുറവും പ്രതിധ്വനിച്ചു. സർക്കാരിന്റെ നടപടികളെ വിമർശിക്കുന്ന പോസ്റ്റുകളാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിറഞ്ഞു. കർഷകർക്ക് വഖഫ് നോട്ടീസ് ലഭിച്ചതിന്റെ വീഡിയോകൾ വൈറലായി. ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാന്റെ ഒത്താശയോടെയാണ് കൈയ്യേറ്റമെന്ന ആരോപണവും വ്യാപകമാണ്.















