ന്യൂഡൽഹി: സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വനം ചെയ്ത ‘റൺ ഫോർ യൂണിറ്റി’ ക്യാമ്പയിനെ പ്രശംസിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഫിറ്റ്നസ് ജീവിത രീതിയാക്കൻ രാജ്യത്തിന്റെ ക്യാപ്റ്റൻ തന്നെ മുന്നിൽ നിന്ന് നയിക്കുന്നത് പ്രശംസനീയമാണെന്ന് താരം പറഞ്ഞു. തന്റെ എക്‌സിൽ പങ്കുവച്ച പോസ്റ്റിലായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം.
“ചൂടോ തണുപ്പോ വെയിലോ മഴയോ എന്തുമാകട്ടെ, വർഷത്തിലെ എല്ലാ ദിവസവും ഒഴിവുകഴിവുകളോ വിട്ടുവീഴ്ചകളോ ഇല്ലാതെ ഫിറ്റ്‌നസിനായി സമർപ്പിക്കണം. നമ്മുടെ രാജ്യത്തിന്റെ ക്യാപ്റ്റൻ ഫിറ്റ്നസ് ഒരു ജീവിതരീതിയാകാൻ പ്രേരിപ്പിക്കുകയും മാതൃകയാവുകയും ചെയ്യുന്നു. ഇത് വളരെ മഹത്തായ കാര്യമാണ്. ആരോഗ്യത്തേക്കാൾ വലിയ സമ്പത്ത് വേറെയില്ല,” അക്ഷയ് കുമാർ എക്‌സിൽ കുറിച്ചു.
റൺ ഫോർ യൂണിറ്റി ക്യാമ്പയിനിൽ പങ്കാളികളാകാൻ ജനങ്ങളോട് ആഹ്വനം ചെയ്യുന്ന പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് റേഡിയോ പ്രക്ഷേപണത്തിൽ നിന്നുള്ള ക്ലിപ്പ് കേൾക്കാനും താരം അഭ്യർത്ഥിച്ചു. സർദാർ വല്ലഭായ് പട്ടേലിനോടുള്ള സ്മരണാർത്ഥമാണ് 2015 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ‘റൺ ഫോർ യൂണിറ്റി’ ക്യാമ്പയിൻ ആചരിച്ചുവരുന്നത്.