കൊട്ടാരക്കര: പളളിക്കൽ സ്വദേശി ഹരീഷ് കുമാറിനെ അന്യായമായി ക്രൂരമായി മർദ്ദിച്ച കൊട്ടാരക്കര എസ്‌ഐ ആയിരുന്ന പ്രദീപിനെയും ഡ്രൈവർ ശ്രീജിത്തിനെയും സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ആർഎസ്എസും പ്രതിഷേധവുമായി രംഗത്ത്. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് ജി വാര്യർ ഉദ്ഘാടനം ചെയ്തു.
വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് ഹരീഷിനെ ഭാര്യയുടെയും കുഞ്ഞിന്റെയും മുൻപിൽ വെച്ച് അപമാനിക്കുകയും പിന്നീട് എസ്‌ഐയും ഡ്രൈവറും സ്വകാര്യകാറിൽ കയറ്റി പിൻസീറ്റിലിട്ട് മർദ്ദിക്കുകയും ചെയ്തത്. ഇത് കൂടാതെ സ്റ്റേഷനിലെത്തിച്ച് മേശമേൽ കിടത്തി എസ്‌ഐ പ്രദീപ് ഇലക്ട്രിക് ലാത്തി കൊണ്ട് മേലാസകലം മർദ്ദിക്കുകയും ചെയ്തു.
ഹോട്ടൽ ജീവനക്കാരായ സാധാരണക്കാരനാണ് ഹരീഷ് കുമാർ. അദ്ദേഹത്തെ മൂന്ന് മണിക്കൂറിലധികം ഓടിക്കൊണ്ടിരുന്ന കാറിലിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് പ്രതിഷേധത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ആർഎസ്എസ് പുനലൂർ ജില്ലാ കാര്യവാഹ് സതീഷ് പറഞ്ഞു. ഭാര്യ സ്‌റ്റേഷനിലെത്തിയപ്പോൾ അവന് കൊടുക്കാനുളളതെല്ലാം കൊടുത്തുവെന്നാണ് ഈ പൊലീസുകാർ പറഞ്ഞത്. ഒടുവിൽ ഹരീഷിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ അവശനായി കണ്ട ജഡ്ജിയാണ് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും സ്വമേധയാ കേസെടുത്ത ശേഷം ജാമ്യം നൽകി വിട്ടയയ്‌ക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റക്കാരായ എസ്‌ഐയെയും ഡ്രൈവറെയും പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടണമെന്നും ആർഎസ്എസ് ജില്ലാ കാര്യവാഹ് ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട ബാക്കി പൊലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഹരീഷിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
പുലമണിൽ നിന്നും ആരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷന് അടുത്ത് പൊലീസ് തടഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി കെ.ആർ രാധാകൃഷ്ണൻ, ആർഎസ്എസ് ഖണ്ഡ് കാര്യവാഹ് ദീപക്, ജില്ലാ സഹകാര്യവാഹ് പ്രദീപ് തുടങ്ങിയവരും സംസാരിച്ചു.















