ബെയ്റൂട്ട്: ഹിസ്ബുള്ള തലവനെ ഇസ്രായേൽ വധിച്ച സാഹചര്യത്തിൽ പിൻഗാമിയെ പ്രഖ്യാപിച്ച് ഭീകരസംഘടന. ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന നൈം ഖാസിം ഇനി മുതൽ ഹിസ്ബുള്ളയെ നയിക്കും. ഹിസ്ബുള്ളയുടെ മേധാവിയായിരുന്ന ഹസ്സൻ നസറുള്ളയെ സെപ്റ്റംബർ 27ന് ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ വധിച്ചിരുന്നു. ഇതിന് പിന്നാലെ പിൻഗാമിയായി വരാനിരുന്ന ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിനെയും ഇസ്രായേൽ പ്രതിരോധ സേന വകവരുത്തി. ഈ സാഹചര്യത്തിൽ സംഘടനയെ ആര് നയിക്കുമെന്ന ചോദ്യം പ്രബലമായിരുന്നു. ഒടുവിൽ 71-കാരനായ നൈം ഖാസിമിനെ നസറുള്ളയുടെ പിൻഗാമിയായി പ്രഖ്യാപിക്കുകയായിരുന്നു ഹിസ്ബുള്ള.
സംഘടനയുടെ ഷുറ കൗൺസിലാണ് നൈം ഖാസിമിനെ തിരഞ്ഞെടുത്തത്. ഹിസ്ബുള്ളയുടെ സ്ഥാപകനേതാക്കളിൽ ഒരാളാണ് ഖാസിം. തെക്കൻ ലെബനനിലെ ക്ഫാർ ഫില പട്ടണത്തിൽ ജനിച്ച ഖാസിം ലെബനീസ് സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം സ്വീകരിച്ചിട്ടുണ്ട്. തുടർന്ന് ഏറെക്കാലം കെമിസ്ട്രി അദ്ധ്യാപകനായി പ്രവർത്തിച്ചു. അതേസമയം ഇയാൾ മതപഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മുസ്ലീം വിദ്യാർത്ഥികൾക്കിടയിൽ ഇസ്ലാമിക ദർശനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ലെബനീസ് യൂണിയൻ എന്ന സംഘടന സ്ഥാപിക്കുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറമാണ് ഹിസ്ബുള്ളയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. 1991 മുതൽ ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് ഖാസിം.
ഇറാന്റെ പിന്തുണയോടെ ലെബനൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയാണിത്. ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചതോടെ ഐഡിഎഫിന്റെ ടാർഗെറ്റിൽ ഹിസ്ബുള്ളയും ഇടംപിടിക്കുകയായിരുന്നു. അടുത്തിടെ ഹിസ്ബുള്ള പ്രവർത്തകരുടെ കൈവശമുണ്ടായിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതിന്റെ ഭാഗമായി ആയിരത്തിലധികം ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.















