കണ്ണൂർ: മുൻകൂർ ജാമ്യം നിരസിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ പി.പി ദിവ്യ കീഴടങ്ങി. കണ്ണൂർ കണ്ണപുരത്ത് വച്ച് കീഴടങ്ങിയ ദിവ്യ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ദിവ്യയെ പ്രാഥമികമായി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
ജാമ്യഹർജിയിൽ വിധി വരുന്നത് വരെ ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ കേരളാ പൊലീസിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. ഒടുവിൽ കോടതി ജാമ്യം നിഷേധിച്ചിട്ടും ദിവ്യയെ പിടികൂടാതിരുന്നത് വീണ്ടും ആക്ഷേപങ്ങളുയർത്തി. ഇതിനിടെയാണ് മറ്റ് വഴികളില്ലാതെ ദിവ്യ കീഴടങ്ങിയത്. അതീവരഹസ്യമായാണ് പ്രതി പൊലീസിന് മുൻപിലെത്തിയതെന്നാണ് വിവരം. ദിവ്യയുടെ കൂടെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നുവെന്നാണ് സൂചന.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഒളിവിൽ കഴിയുന്ന ദിവ്യയെ പിടികൂടാൻ പൊലീസ് നിസംഗത തുടരുന്നത് ബിജെപി അടക്കമുള്ള പാർട്ടികൾ ചോദ്യം ചെയ്തു. കമ്മീഷണർ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചുകളും നടന്നു. എന്നിട്ടും ദിവ്യയെ പിടികൂടാൻ പൊലീസ് തയ്യാറായില്ല. ഒടുവിൽ ജാമ്യം നിഷേധിച്ചെന്ന കോടതി ഉത്തരവ് വന്നതോടെയാണ് പ്രതി പൊലീസിന്റെ മുൻപിലെത്തിയത്.