ഈ സർക്കാർ ഒപ്പമുണ്ട്.. ആരുടെ ഒപ്പം സംശയമെന്ത് പിപി ദിവ്യയുടെ കുടുംബത്തിനൊപ്പം…! നമ്മളല്ലാതെ മറ്റാര് സഖാക്കളെ., ആ കുടുംബത്തെ കൈവിടാൻ പറ്റുമോ. സോഷ്യൽ മീഡിയയിൽ നിറയുന്ന പരിഹാസ ശരങ്ങൾക്ക് കൈയും കണക്കുമില്ല. ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പൊലീസിന്റെ കരുതൽ കാണാതെ പോകരുതെന്നാണ് അവരുടെ പക്ഷം. എഡിഎം നവീൻ ബാബുവിന്റെ മരണം നടന്ന് രണ്ടാഴ്ചയായിട്ടും ദിവ്യയുടെ മൊഴിയെടുക്കാൻ പോയിട്ട് ആ സഖാവിന്റെ മുന്നിലെത്താൻ പോലും ഇന്ത്യയിലെ മികച്ച പൊലീസിന് നട്ടെല്ലുറപ്പുണ്ടായിരുന്നില്ല എന്നത് മറ്റൊരു കൗതുകം.
എന്നിട്ട് ഒരു ഡയലോഗാണ് ബാക്കി എല്ലാം അണ്ടർ കൺട്രോൾ; ദിവ്യ നമ്മുടെ നിരീക്ഷണത്തിൽ തന്നെയാണ്! കോടതി മുൻകൂർ ജാമ്യഹർജി തള്ളിയ ശേഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ സമയവും സൗകര്യവും നോക്കി കാത്തിരുന്ന് ആനയിച്ചാണ് കീഴടങ്ങൽ മഹാമഹത്തിന് പൊലീസ് അകമ്പടി സേവിച്ചത്. പിന്നെ കണ്ടത്, കേരളം വയനാട് ദുരന്തിൽ പോലും കാണാത്ത കരുതലായിരുന്നു.
ദിവ്യയെ പൊതുസമൂഹത്തിന് മുന്നിലോ മാദ്ധ്യമങ്ങൾക്ക് മുന്നിലോ എത്തിക്കാതിരിക്കാൻ കാക്കിയിട്ട ഉദ്യോഗസ്ഥർ തീർത്തത് കശ്മീരിൽ സൈന്യത്തിനെ കവച്ച് വയ്‌ക്കുന്ന സുരക്ഷയായിരുന്നു. മാദ്ധ്യമങ്ങളെ തടയാൻ ഒരു വണ്ടി പാെലീസിനെയും കരുതിയിരുന്നു. കേന്ദ്രങ്ങളിലേക്ക് മാറ്റിയത് മിന്നൽ വേഗത്തിൽ . എന്ത് വിലകൊടുത്തും ഉപതിരഞ്ഞെടുപ്പിൽ അറസ്റ്റ് ചർച്ചയാക്കാതിരിക്കാനാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും ലക്ഷ്യം. മാദ്ധ്യമങ്ങൾക്ക് ഇനി ദിവ്യയുടെ നിഴലിന്റെ നെഗറ്റീവ് പോലും ലഭിക്കണമെങ്കിൽ ആഭ്യന്തരം ഭരിക്കുന്ന മുഖ്യൻ തന്നെ വിചാരിക്കണമെന്നാണ് സോഷ്യൽ മീഡിയ പരിഹാസം.
















