ഹൃദയ സംബന്ധമായ പല അസുഖങ്ങൾ ബാധിച്ചവർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഇന്നത്തെ ജീവിത ശൈലിയിൽ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ആഘോഷനാളുകളിൽ അമിതമായി കഴിക്കുന്ന ചില ഭക്ഷണങ്ങൾ നമ്മെ ആപത്തിലേക്ക് തള്ളിവിട്ടേക്കാം. ദീപാവലി പോലുള്ള ആഘോഷങ്ങളിൽ മധുര പലാഹാരങ്ങൾക്കാണ് മുൻഗണന. എന്നാൽ ആരോഗ്യം മറന്ന് മധുരം ഒരുപാട് കഴിക്കുന്നതും ദോഷമായി മാറും. ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
കൊഴുപ്പ് അടങ്ങിയ പലഹാരങ്ങൾ ഒഴിവാക്കുക
എണ്ണയും നെയ്യും അടങ്ങിയ മധുര പലഹാരങ്ങൾ പൂർണമായും ഒഴിവാക്കുക. ഇത് കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ദഹനപ്രക്രിയയ്‌ക്ക് തടസമാവുകയും ചെയ്യുന്നു.
ശരീരത്തിൽ ജലാംശം നിലനിർത്തുക
മധുരം കഴിക്കുന്നവർ ശരീരത്തിൽ ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടയ്‌ക്കിടയ്‌ക്ക് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. മദ്യവും മറ്റ് പാനീയങ്ങളും കുടിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. ഇത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കൂടാൻ കാരണമാകും.
മദ്യപാനം ഒഴിവാക്കുക
ആഘോഷങ്ങളുടെ ഭാഗമായുള്ള അമിത മദ്യപാനം ആരോഗ്യത്തിന് ദോഷകരമായി മാറും. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്യുന്നു. നിർജ്ജലീകരണം ഉണ്ടാകാനും അമിത മദ്യപാനം കാരണമാകുന്നു.
ആഹാര ക്രമീകരണം
അമിതമായി ഭക്ഷണം കഴിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്കും ദഹനപ്രക്രിയയ്‌ക്കും തടസം സൃഷ്ടിക്കുന്നു. അമിതമായി ആഹാരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്.
പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ഉത്സവനാളുകളിലും പ്രത്യകം ശ്രദ്ധിക്കുക.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ദഹനം മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും സഹായകമാണ്.















