ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് നടന്നുവെന്ന കോൺഗ്രസിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്തുവെന്നും തെരഞ്ഞെടുപ്പ് ഫലം കൃത്യമല്ലെന്നും ആരോപിച്ച് കോൺഗ്രസ് സമർപ്പിച്ച പരാതിയാണ് കമ്മീഷൻ തള്ളിയത്. തെരഞ്ഞെടുപ്പ് പ്രക്രിയകളിലും നടപടികളിലും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും കോൺഗ്രസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പോളിംഗ്, വോട്ടെടുപ്പ് തുടങ്ങിയ സെൻസിറ്റീവായ വിഷയങ്ങളിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് സെൻസിറ്റീവായ പരാതികൾ നൽകുന്ന പ്രവണത ശരിയല്ലെന്ന മുന്നറിയിപ്പും കോൺഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്.
എക്സിറ്റ് പോൾ ഫലങ്ങൾ നിഷ്പ്രഭമാക്കിയ ഫലമായിരുന്നു ഹരിയാനയിൽ വോട്ടെണ്ണിയപ്പോൾ പുറത്തുവന്നത്. കോൺഗ്രസ് ഭരണം പിടിക്കുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചെങ്കിലും യഥാർത്ഥ ജനവിധി ബിജെപിക്ക് അനുകൂലമായി. തുടർച്ചയായി മൂന്നാമതും ബിജെപി സർക്കാർ അധികാരത്തിൽ വരികയും ചെയ്തു. അതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടിയായിരുന്നു ബിജെപിയുടെ വിജയം. കോൺഗ്രസിനെ അടിമുടി അമ്പരപ്പിച്ച ജനവിധി അംഗീകരിക്കാൻ നേതാക്കൾ തയ്യാറാകാതെ വന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു ഖാർഗെ അടക്കമുള്ളവർ. ചില ജില്ലകളിലെ വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്നായിരുന്നു കോൺഗ്രസിന്റെ പരാതി. ഇത് പരിപൂർണമായി തള്ളിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.