കണ്ണൂർ: തെറ്റുപറ്റിയെന്ന് എഡിഎം നവീൻ ബാബു പറഞ്ഞതായി ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. ജില്ലാ കളക്ടർ പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പി.പി ദിവ്യ കൈക്കൂലി ആരോപണമുന്നയിച്ച ശേഷം തനിക്ക് തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്നാണ് കളക്ടറുടെ മൊഴി. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബു ചേംബറിലെത്തി ജില്ലാ കളക്ടറെ കണ്ടുവെന്നും അരുൺ കെ. വിജയൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടർ നൽകിയ മൊഴി എഡിഎം കൈക്കൂലി വാങ്ങിയെന്നതിന്റെ തെളിവായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പിപി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയ കോടതിയുടെ വിധിപ്പകർപ്പിലാണ് കളക്ടറുടെ മൊഴി സംബന്ധിച്ച വിശദാംശങ്ങളുള്ളത്.
എഡിഎമ്മിന്റെ യാത്രയയപ്പ് നടന്ന ദിവസം രാവിലെ പിപി ദിവ്യയെ കണ്ടിരുന്നുവെന്നും പെട്രോൾ പമ്പിന്റെ വിഷയം ദിവ്യ സംസാരിച്ചതായും ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയിലുണ്ട്. വേണ്ടത്ര തെളിവില്ലാതെ കൈക്കൂലി ആരോപണം ഉന്നയിക്കരുതെന്ന് ദിവ്യയെ നിർദേശിച്ചുവെന്നാണ് കളക്ടർ പൊലീസിനോട് പറഞ്ഞത്.















