അന്ധരായ വയോധിക ദമ്പതികൾ മകൻ മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം. ഹൈദാരാബാദിലാണ് ദാരുണമായ സംഭവം. ബ്ലൈൻഡ് കോളനിയിലെ വീട്ടിൽ നിന്ന് രൂക്ഷ ദുർഗന്ധം വമിച്ചതോടെ അയൽവാസികളാണ് വിവരം പാെലീസിനെ അറിയിച്ചത്.വാടകവീട്ടിൽ വിരമിച്ച സർക്കാർ ജീവനക്കാരനായ കലുവ രമണയും ഭാര്യ ശാന്തികുമാരിയും 30-കാരനായ ഇളയ മകൻ പ്രമോദുമാണ് താമസിച്ചിരുന്നത്.
മദ്യപാനിയായിരുന്ന പ്രമോദിനെ ഉപേക്ഷിച്ച് ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഭക്ഷണത്തിനും വെള്ളത്തിനുമായി ദമ്പതികൾ മകനെ വിളിച്ചെങ്കിലും മറുപടിയൊന്നുമുണ്ടായിരുന്നില്ല. അവശരായതിനാൽ ഇവരുടെ ശബ്ദം അയൽവാസികൾക്കും കേൾക്കാനായിരുന്നില്ലെന്നും നാഗോൾ ഇൻസ്പെക്ടർ സുര്യനായ്ക് പറഞ്ഞു. പൊലീസ് വീട്ടിലെത്തുമ്പോൾ ദമ്പതികൾ ആഹാരം കിട്ടാതെ അർദ്ധബോധാവസ്ഥയിലായിരുന്നു. രക്ഷപ്പെടുത്തിയ ഇവർക്ക് പിന്നീട് പൊലീസ് വെള്ളവും ഭക്ഷണം വാങ്ങിനൽകി.
പ്രമോദ് നാലോ അഞ്ചോ ദിവസം മുൻപ് ഉറക്കത്തിൽ മരിച്ചിരിക്കാമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. മരണ കാരണം റിപ്പോർട്ട് കിട്ടിയാലെ വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു നഗരത്തിൽ താമസിക്കുന്ന മൂത്ത മകൻ പ്രദീപിനെ പൊലീസ് വിവരം അറിയിച്ചു. മാതാപിതാക്കളുടെ ചുമതലയേൽപ്പിച്ചു.