മുംബൈ: മകന്റെ വിഡ്ഢിത്തം മൂലമാണ് ബാബ സിദ്ദിഖിയുടെ മകൻ സിഷാൻ സിദ്ദിഖിയ്‌ക്കും സൽമാൻ ഖാനും വധഭീഷണി മുഴക്കിയതെന്ന് കേസിൽ അറസ്റ്റിലായ മുഹമ്മദ് തയ്യബ് അലിയുടെ അമ്മ മുദിയ ഹാഫിസ്. മകൻ ഇത്തരത്തിൽ ഫോൺ വിളിച്ച് പറഞ്ഞത് ദുരുദ്ദേശത്തോടെയല്ലെന്നും ഇവർ പറയുന്നു. വെറുതെ ഒരു രസത്തിന് വേണ്ടിയാണ് മുഹമ്മദ് വധഭീഷണി സന്ദേശം കൈമാറിയതെന്നാണ് മുഹമ്മദിന്റെ സഹോദരിമാർ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് സിഷാൻ സിദ്ദിഖിയുടെ ഓഫീസിലേക്ക് വധഭീഷണി സന്ദേശം ലഭിച്ചത്. സിഷാൻ സിദ്ദിഖിയെ വധിക്കുമെന്നും, പണം നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നുമായിരുന്നു സന്ദേശം. ഇതിന് പിന്നാലെ ഓഫീസ് ജീവനക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 20കാരനായ മുഹമ്മദ് തയ്യബിനെ നോയിഡയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്.
മരപ്പണിക്കാരനായ മുഹമ്മദ് നോയിഡ സെക്ടർ 39ൽ അമ്മാവനൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. പ്രതിദിനം 400-500 രൂപയ്‌ക്കാണ് ഇയാൾ ജോലി ചെയ്തിരുന്നത്. പൊലീസ് വീട്ടിൽ വന്ന് പരിശോധന നടത്തിയെന്നും, കാര്യം അറിഞ്ഞപ്പോൾ തങ്ങൾ ഞെട്ടിപ്പോയെന്നുമാണ് മുഹമ്മദിന്റെ അമ്മാവൻ പ്രതികരിച്ചത്. മുഹമ്മദിന് മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്നും, വധഭീഷണി സന്ദേശം അയച്ചുവെന്ന് പൊലീസ് പറഞ്ഞപ്പോൾ നടുങ്ങിപ്പോയെന്നും ഇയാൾ പറയുന്നു.
” വീട്ടുകാർ മാത്രമല്ല, അവനെ അറിയുന്ന എല്ലാവർക്കും ഇത് ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു. ദരിദ്ര കുടുംബ പശ്ചാത്തലമാണ് ഞങ്ങൾക്കുള്ളത്. അവന്റെ അച്ഛൻ ഒരു തയ്യൽക്കാരനാണ്. എന്നാൽ മുഹമ്മദ് അൽപ്പം തന്റേടമുള്ള സ്വഭാവക്കാരനാണ്. പ്രശസ്തനാകണമെന്ന് അവൻ എപ്പോഴും പറയുമായിരുന്നുവെന്നും” അമ്മാവൻ പറയുന്നു. തമാശയ്‌ക്കാണ് താൻ വധഭീഷണി സന്ദേശം അയച്ചതെന്ന് മുഹമ്മദ് ചോദ്യം ചെയ്യലിൽ പറഞ്ഞതായി നോയിഡ ഡെപ്യൂട്ടി എസ്പി പ്രവീൺ കുമാർ സിംഗ് പറഞ്ഞു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും, ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നറിയുന്നതിനായി അന്വേഷണം നടത്തുമെന്നും ബറേലി പൊലീസ് അറിയിച്ചിട്ടുണ്ട്.