നടൻ ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ബ്രാഹ്‌മണ ആചാരപ്രകാരമുള്ള ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
തികച്ചും വ്യത്യസ്തമായ രീതിയിൽ നടന്ന വിവാഹചടങ്ങുകളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. കഴിഞ്ഞ ദിവസമാണ് വിവാഹവിവരം ഇരുവരും പങ്കുവച്ചത്. ദിവ്യയ്‌ക്ക് രണ്ട് മക്കളുണ്ട്. ഇവരുടെ സമ്മതത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നതെന്ന് ദിവ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
ഭഗവാന്റെ കൃപയോടെ വിവാഹം നടന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും പാരമ്പര്യ ചടങ്ങുകളോടെ വിവാഹം നടത്തണമെന്നത് ആഗ്രഹമായിരുന്നുവെന്നും വിവാഹശേഷം ഇരുവരും പ്രതികരിച്ചു.
മക്കളെ കൂടി അംഗീകരിക്കുന്ന ആളായിരിക്കണം എന്നത് തനിക്ക് നിർബന്ധമായിരുന്നുവെന്ന് വിവാഹത്തെ കുറിച്ച് ദിവ്യ ശ്രീധർ പറഞ്ഞു. എനിക്കൊപ്പം മക്കളെയും സ്വീകരിക്കുമെന്ന് ഉറപ്പായതിന് ശേഷമാണ് വിവാഹത്തെ കുറിച്ച് ചിന്തിച്ചത്. മക്കളോടാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. അമ്മ സമ്മതം പറയൂ എന്ന് അവർ തന്നോട് പറഞ്ഞുവെന്നും ദിവ്യ ശ്രീധർ പറഞ്ഞു.