ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ വാക്സിനെടുത്തതിന് പിന്നാലെ രോഗി കിടപ്പിലായ സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. വാക്സിനെടുക്കുമ്പോൾ ഉണ്ടാകുന്ന പാർശ്വഫലമാകാം ഇതെന്നും അപൂർവ്വം ചില ആളുകൾക്ക് മാത്രമാണ് ഇതുണ്ടാകാറുള്ളതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മറിയം വർക്കി പറഞ്ഞു.
ടെസ്റ്റ് ഡോസിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമുരുന്ന് നൽകിയിരുന്നു. എന്നാൽ വാക്സിനെടുത്തപ്പോൾ ഗുരുതരാവസ്ഥയിലായി. അപൂർവ്വം ചില ആളുകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ടെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. സംഭവത്തിൽ അടിയന്തര മെഡിക്കൽ ബോർഡ് യോഗം ചേരും. മെഡിക്കൽ കോളേജ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, മെഡിസിൻ വിഭാഗം എച്ച് ഒ ഡി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
തകഴി സ്വദേശിനിയായ ശാന്തമ്മയാണ് വാക്സിനെടുത്തതിനെ തുടർന്ന് കിടപ്പിലായത്. ഒക്ടോബർ 21-നാണ് മുയൽ കടിച്ചതിന് ശാന്തമ്മ വാക്സിനെടുത്തത്. വാക്സിനെടുത്തതിന് പിന്നാലെ ഇവരുടെ ശരീരം പൂർണമായും തളരുകയും സംസാരശേഷി നഷ്ടപ്പെടുകയുമായിരുന്നു. ഒരാഴ്ചയോളം വെൻ്റിലേറ്ററിലായിരുന്ന ശാന്തമ്മ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.















