ഭോപ്പാൽ:മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 7 ആയി.മറ്റ് മൂന്ന് ആനകളുടെ നില ഗുരുതരമാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു.
ഒക്‌ടോബർ 29, ചൊവ്വാഴ്ച ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിംഗിനിടെ നാല് കാട്ടാനകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു . 13 ആനകളുടെ കൂട്ടത്തിലെ മറ്റ് നാല് ആനകൾക്ക് അസുഖം ബാധിച്ചിരുന്നു. ആനക്കൂട്ടത്തിന്റെ ഭാഗമായ അവശേഷിക്കുന്ന ആനകളുടെ നീക്കം നിരീക്ഷിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കോഡോ മില്ലറ്റ് കഴിച്ചാണ് ആനകൾ ചരിഞ്ഞതെന്നു ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ബിടിആർ ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് കുമാർ വർമ പറഞ്ഞു.
ആനകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാൻ ഉത്തരവിട്ട മധ്യപ്രദേശിലെ വനം മന്ത്രി രാംനിവാസ് റാവത്ത് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നു പ്രസ്താവിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഉടൻ തന്നെ എസ്ഐടി രൂപീകരിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.
ആനകളുടെ പോസ്റ്റ്‌മോർട്ടം ജബൽപൂരിലെ സ്‌കൂൾ ഓഫ് വൈൽഡ് ലൈഫ് ഫോറൻസിക്‌സ് ആൻഡ് മെഡിസിനിലാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിലെ വിദഗ്‌ദ്ധ ഡോക്ടർമാരും മൃഗഡോക്ടർമാരും പ്രത്യേക പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.















