ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്ന ദിവസമാണ് ധൻതേരസ്. ഈ ദിനത്തിൽ ചില ഇന്ത്യൻ കുടുംബങ്ങൾ സ്വർണം വാങ്ങി സൂക്ഷിക്കുന്ന പതിവുണ്ട്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെ പ്രതീകമായി രാജ്യം ധൻതേരസ് ആഘോഷിക്കുമ്പോൾ കരുതൽ ശേഖരം സൂക്ഷിക്കുന്നതിനുള്ള തിരക്കിലാണ് ആർബിഐയും.
ഭാരതത്തിന് 855 ടൺ സ്വർണമാണ് കരുതൽശേഖരമായി നിലവിൽ കൈവശമുള്ളത്. ഇതിൽ വലിയൊരു വിഭാഗവും സൂക്ഷിച്ചിരുന്നത് യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലായിരുന്നു. ഇതിൽ നിന്ന് 102 ടൺ സ്വർണം കൂടി ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ് ആർബിഐ. ദീപാവലി ആഘോഷത്തിരക്കിൽ അതീവരഹസ്യമായിട്ടായിരുന്നു റിസർവ് ബാങ്കിന്റെ നീക്കം.
ഒരുകാലത്ത് സ്വർണം പണയം വച്ചിരുന്ന രാജ്യമായിരുന്നുവെങ്കിൽ ഇന്ന് ടൺ കണക്കിന് സ്വർണം കരുതൽശേഖരമായി കൈവശമുള്ള രാഷ്ട്രമാണ് ഇന്ത്യ. മൂന്നാമത്തെ സാമ്പത്തികശക്തിയായി കുതിക്കാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ അതിനുവേണ്ട എല്ലാ ചുവടുവയ്പ്പുകളും വിവിധ മേഖലകളിൽ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ആർബിഐയുടെ നീക്കവും. സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുപ്രകാരം ഇന്ത്യയുടെ 855 ടൺ സ്വർണശേഖരത്തിൽ 510.5 ടൺ സ്വർണവും ഇപ്പോൾ ഇന്ത്യയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
വിദേശരാജ്യങ്ങളിലെ സാഹചര്യം അനുദിനം മാറുന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ടിലെ അതീവസുരക്ഷാ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയുടെ സ്വർണം ആഭ്യന്തരമായി കൈവശം വയ്ക്കാമെന്ന തീരുമാനം ആർബിഐയും കേന്ദ്രസർക്കാരും സ്വീകരിച്ചത്. ഭൗമരാഷ്ട്ര അനിശ്ചിതത്വങ്ങൾ വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇന്ത്യയുടെ സ്വത്ത് ഇന്ത്യയിൽ തന്നെ സൂക്ഷിക്കാനുള്ള നീക്കത്തിന് 2022 സെപ്റ്റംബർ മുതൽ ആർബിഐ തുടക്കം കുറിക്കുകയായിരുന്നു. തുടർന്ന് ആദ്യഘട്ടത്തിൽ 214 ടൺ സ്വർണം രഹസ്യമായി ഇന്ത്യയിലെത്തിച്ചു. അതീവസുരക്ഷയോടെ പ്രത്യേക വിമാനങ്ങളിൽ രഹസ്യമായാണ് സ്വർണം എത്തിക്കുക. ഇതിന് പിന്നാലെയാണ് ദീപാവലി വേളയിൽ 102 ടൺ സ്വർണം കൂടി എത്തിച്ചിരിക്കുന്നത്.
ഭാരതത്തിന്റെ കരുതൽ ശേഖരമായ സ്വർണത്തിന്റെ 60 ശതമാനവും നിലവിൽ ഇന്ത്യയിലുണ്ട്. ശേഷിക്കുന്ന 324.01 ടൺ സ്വർണം ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ സുരക്ഷിതമാണ്. 1697 കാലഘട്ടം മുതൽ വിവിധരാജ്യങ്ങളുടെ സ്വർണശേഖരം സൂക്ഷിക്കുന്ന സുരക്ഷിതകേന്ദ്രമാണ് ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്.