കൊച്ചി: ഗർഭഛിദ്രക്കേസിൽ അപൂർവ വിധിയുമായി കേരള ഹൈക്കോടതി. ബലാത്സംഗത്തിനിരയായ16 കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചു. അതിജീവിതയുടെ രക്ഷിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ കോടതിയെ അറിയിക്കുകയായിരുന്നു.
ബലാത്സംഗത്തിനിരയായ 16 കാരി 28 ആഴ്ച ഗർഭിണിയാണ്. ഗർഭച്ഛിദ്രത്തിന് പെൺകുട്ടിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കീഴ്‌ക്കോടതിയിൽ നിന്നും അനൂകൂല വിധിയുണ്ടാകാത്തതിനെ തുടർന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കോടതി അനുമതി നിഷേധിക്കുകയായിരുന്നു.
മെഡിക്കൽ ബോർഡ് നൽകിയ വിവരങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി ഗർഭച്ഛിദ്രത്തിനുള്ള അനുമതി നിഷേധിച്ചത്. കുഞ്ഞിനെ ജീവനോടെ തന്നെ പുറത്തെടുക്കണമെന്നും പെൺകുട്ടി പ്രസവിക്കുന്നതാണ് സുരക്ഷിതമെന്നുമായിരുന്നു ഡോക്ടർമാരുടെ മൊഴി.
എന്നാൽ മുൻപ് സമാനമായ മറ്റൊരു കേസിൽ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ബലാത്സംഗത്തിനിരയായ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ ബലാത്സംഗത്തിനിരയായി ഗർഭിണിയാകുന്ന സംഭവങ്ങളിൽ ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കരുതെന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയത്. എന്നാൽ അതിന് വിപരീതമായ വിധിയാണ് നിലവിലെ കേസിൽ ഉണ്ടായിരിക്കുന്നത്.