ബെയ്റൂട്ട്: നസറുള്ളയെ ഇസ്രായേൽ വധിച്ചതിന്റെ പശ്ചാത്തലത്തിൽ ഹിസ്ബുള്ളയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട നൈം ഖാസിം ആദ്യമായി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഹിസ്ബുള്ളയുടെ യുദ്ധപദ്ധതി തുടരുക തന്നെ ചെയ്യുമെന്ന് ഖാസിം പ്രഖ്യാപിച്ചു. നസറുള്ളയുടെ അജണ്ടകൾ പിന്തുടരുക എന്നുള്ളതാണ് തന്റെ അജണ്ടയെന്നും ഖാസിം വ്യക്തമാക്കി. ഹസ്സൻ നസറുള്ളയുടെ പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ടെലിപ്രസംഗത്തിലൂടെ ഹിസ്ബുള്ളയെ ഖാസിം അഭിസംബോധന ചെയ്യുന്നത്
ഹിസ്ബുള്ള യുദ്ധം ചെയ്യുന്നത് മറ്റാർക്കും വേണ്ടിയല്ല, മറ്റാരുടേയും പദ്ധതിയുടെ ഭാഗമല്ല, ലെബനന് വേണ്ടിയാണ് ഈ യുദ്ധം. പിന്തുണ നൽകുന്ന ഇറാൻ, അതിന് പകരമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഖാസിം പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ മുൻ തലവൻ നസറുള്ളയെയും പിൻഗാമിയാകാൻ നിശ്ചയിച്ചിരുന്ന ഹാഷിം സഫീദിനെയും ഹമാസ് തലവൻ യഹിയ സിൻവറെയും പ്രസംഗത്തിനിടെ ഖാസിം അനുസ്മരിച്ചു. പ്രതിരോധത്തിന്റെയും വീരത്വത്തിന്റെയും പ്രതീകമാണ് യഹിയ സിൻവർ എന്നായിരുന്നു ഹിസ്ബുള്ള തലവന്റെ വാക്കുകൾ. ഇസ്രായേൽ വരുത്തി വച്ച നാശത്തിനെതിരെ ഹമാസ് നടത്തുന്ന പോരാട്ടത്തെ പിന്തുണയ്‌ക്കുമെന്നും ഖാസിം വ്യക്തമാക്കി.
ലെബനനിൽ ഹിസ്ബുള്ള പ്രവർത്തകരെ കേന്ദ്രീകരിച്ച് നടന്ന പേജർ, വാക്കി-ടോക്കി കൂട്ടസ്ഫോടനങ്ങൾക്ക് പിന്നാലെയായിരുന്നു തലവൻ ഹസ്സൻ നസറുള്ളയെ വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ വധിച്ചത്. തൊട്ടുപിന്നാലെ പിൻഗാമിയാകാൻ സജ്ജനായിരുന്ന സഫീദിനെയും വകവരുത്തി. ഇതോടെയാണ് കെമിസ്ട്രി അദ്ധ്യാപനത്തിൽ നിന്ന് ഭീകരപ്രവർത്തനത്തിലേക്ക് വഴിമാറിയ നൈം ഖാസിമിനെ തലവനായി ഹിസ്ബുള്ള പ്രഖ്യാപിച്ചത്.