തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണ പദ്ധതിക്കായി തുക അനുവദിച്ച് കേന്ദ്രസർക്കാർ. 393.58 കോടി രൂപയാണ് മോദിസർക്കാർ അനുവദിച്ച് നൽകിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. തുക അനുവദിച്ചത് സംബന്ധിച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ ഉത്തരവും സുരേഷ് ഗോപി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു.
എയർപോർട്ട് മാതൃകയിൽ ആധുനിക സൗകര്യങ്ങളോടെ റെയിൽവേ സ്റ്റേഷനെ അടിമുടി മാറ്റി നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തൃശൂരിന് ഫണ്ട് ലഭിച്ചിരിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ 2027ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ലോകനിലവാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. എല്ലാ പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റും എസ്കലേറ്റർ സൗകര്യവും ഉണ്ടാകും. ആഗോളനിലവാരമുള്ള പ്ലാറ്റ്ഫോമുകൾ, പൊതുവിഭാഗത്തിന് ഉൾപ്പടെ ശീതീകരിച്ച വിശ്രമമുറികൾ എന്നിവ ലഭിക്കും.