ബെംഗളൂരു: സുഖചികിത്സയ്‌ക്കായി ബെംഗളുരുവിലെത്തി ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ്. ഭാര്യ കാമില രാജ്ഞിക്കൊപ്പമായിരുന്നു സ്വകാര്യ സന്ദർശനം. രാജാവായി അധികാരത്തിലെത്തിയ ശേഷമുള്ള ചാൾസ് മൂന്നാമന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.
ഈ മാസം ആദ്യമാണ് രാജാവും ഭാര്യയും ബെംഗളൂരുവിലെ ‘സൗക്യ’ ഇൻ്റർനാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് സെൻ്ററിൽ (എസ്ഐഎച്ച്എച്ച്‌സി) നാല് ദിവസം ചെലവഴിക്കാനെത്തിയത്. ഒക്‌ടോബർ 27 നാണ് ഇരുവരും എത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യോഗ, ധ്യാന സെഷനുകൾ, തെറാപ്പികൾ എന്നിവയുൾപ്പെടെയുള്ള പുനരുജ്ജീവന ചികിത്സയാണ് രാജാവിന് തയാറാക്കിയിരിക്കുന്നത്.
വർഷങ്ങളായി ആയുർവേദത്തെ പിന്തുണയ്‌ക്കുന്ന ആളാണ് ചാൾസ്. സമോവയിൽ നടന്ന 2024 ലെ കോമൺവെൽത്ത് ഗവൺമെൻ്റ് തലവന്മാരുടെ മീറ്റിംഗിൽ പങ്കെടുത്ത ശേഷമാണ് രാജാവ് ബെംഗളൂരുവിൽ എത്തുന്നത്. സുഖചികത്സ കഴിഞ്ഞ് ഒക്ടോബർ 30 ന് ഇരുവരും ബ്രിട്ടനിലേക്ക് മടങ്ങുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.