ദുബായ്: യുഎഇയിൽ വാഹനങ്ങളിൽ അനധികൃതമായി സ്റ്റിക്കറുകൾ പതിക്കുന്നതിനെതിരെ അധികൃതർ. നിയമലംഘകർക്ക് 500 ദിർഹം പിഴ ശിക്ഷ ലഭിക്കും. യുഎഇയിലെ ഫെഡറൽ ട്രാഫിക് നിയമം പ്രകാരം വാഹനങ്ങളിലെ അനധികൃത സ്റ്റിക്കറുകൾ നിയമവിരുദ്ധമാണ്.
നിയമലംഘകർക്ക് 500 ദിർഹമാണ് പിഴ നൽകേണ്ടിവരിക. വാഹനത്തിലെ എല്ലാ സ്റ്റിക്കറുകൾക്കും പിഴ ചുമത്തും. പിഴ ഈടാക്കിയ ശേഷവും അത് നീക്കം ചെയ്യാൻ ഡ്രൈവറോ വാഹന ഉടമയോ തയാറായില്ലെങ്കിൽ രണ്ടാം ദിവസം പിഴ വീണ്ടും ചുമത്തും. വാഹനത്തിന്റെ നമ്പറോ ഡ്രൈവറുടെ മുഖമോ മറ്റ് വിശദാംശങ്ങളോ മറയ്‌ക്കാൻ കഴിയുന്നവ ഉൾപ്പെടെ ട്രാഫിക് പൊലീസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന ഫോട്ടോയോ സ്റ്റിക്കറുകളോ വാഹനത്തിന്റെ ഒരു ഭാഗത്തും പതിക്കാൻ പാടില്ല.
അധികൃതരിൽ നിന്ന് അനുമതി നേടിയതിന് ശേഷം ഉൽപന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യാനുള്ള കമ്പനി പരസ്യങ്ങൾ മാത്രമാണ് അനുവദിക്കുന്ന സ്റ്റിക്കറുകൾ. എല്ലാ എമിറേറ്റുകളിലും ഈ നിയമം ബാധകമാണ്. സ്റ്റിക്കറുകൾ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കാൻ പൊലീസ് ഇടയ്‌ക്കിടെ ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തുന്നുണ്ട്.