ദീപാവലി ആശംസകൾ അറിയിച്ച് രജനികാന്തും കൂട്ടരും. പുതിയ ചിത്രമായ കൂലിയുടെ അണിയറ പ്രവർത്തകരോടൊപ്പമാണ് രജനികാന്ത് ആശംസകൾ അറിയിച്ചത്. കറുത്ത മുണ്ടും ഷർട്ടും ധരിച്ച് നിൽക്കുന്ന കൂലി ടീമിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്.
എല്ലാവർക്കും സൂപ്പർ ദീപാവലി ആശംസകൾ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് കൂലി ടീം കുറിച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ ആശംസകളറിയിച്ച് ആരാധകരും രംഗത്തെത്തി. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തലൈവർ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തലൈവർ അധോലോക നായകനായി എത്തുന്ന ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്.
രജനികാന്ത് നായകനായി പുറത്തിറങ്ങിയ വേട്ടയൻ പ്രതീക്ഷിച്ചത്ര വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. തിയേറ്ററിലെത്തി ആദ്യ മണിക്കൂറുകളിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നെങ്കിലും പിന്നീട് വലിയ തകർച്ചയാണ് ചിത്രം നേരിട്ടത്.















