തിരുവനന്തപുരം: ദീപാവലിക്ക് യാത്രക്കാർക്ക് സുഖയാത്ര ഒരുക്കി ദക്ഷിണ റെയിൽവേ. 58 ഫെസ്റ്റിവൽ സ്‌പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. 272 അധിക സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യും.
ദിപാവലി ആഘോഷങ്ങളുടെ ഭാഗമായി തിരക്ക് കുറയ്‌ക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് കൂടുതൽ സർവീസുകൾ അനുവദിച്ചതെന്ന് തിരുവനന്തപുരം ഡിവിഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തിരക്ക് കൂടുതലുളള പാതകളിലായിരിക്കും ഫെസ്റ്റിവൽ സ്‌പെഷൽ ട്രെയിനുകൾ സർവ്വീസ് നടത്തുക.
ദീർഘദൂര പാതകളിലും അന്തർസംസ്ഥാന പാതകളിലും യാത്രക്കാരുടെ എണ്ണം ഉൾപ്പെടെ കണക്കിലെടുത്താണ് സ്‌പെഷൽ ട്രെയിനുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. 20 ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. വെയ്റ്റിംഗ് ലിസ്റ്റിലെ യാത്രക്കാർക്ക് ബുക്കിംഗ് ഉറപ്പാക്കാൻ ഇത് സഹായിക്കും.
തിരക്ക് പരിഗണിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്‌ക്കാനായി യാത്രക്കാർ കൂടുതലുളള റൂട്ടുകളിൽ അധികമായി ടിക്കറ്റ് പരിശോധകരെയും വിന്യസിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.