പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്റെ ഭാഗമായി നവംബർ 15-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചുവെന്ന് ജില്ലാ കളക്ടർ എസ് ചിത്ര അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കളക്ടറുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ ആറ് മുതൽ 16 വരെയാണ് ഈ വർഷത്തെ കൽപ്പാത്തി രഥോത്സവം നടക്കുന്നത്. നവംബർ ഏഴിന് രഥോത്സവത്തിന് കൊടിയേറും. 13-നാണ് ഒന്നാം തേരുത്സവം നടക്കുന്നത്. 14-ന് രണ്ടാം തേരുത്സവവും 15-ന് മൂന്നാം തേരുത്സവവും നടക്കും.
15-ന് വൈകിട്ടാണ് ദേവരഥ സംഗമം നടക്കുന്നത്. ദേവരഥങ്ങൾ തയ്യാറാക്കാനുള്ള ഒരുക്കങ്ങളാണ് നിലവിൽ നടക്കുന്നത്. രഥോത്സവത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം അവലോകന യോഗം ചേർന്നിട്ടുണ്ട്. ഇക്കുറി ഉപതെരഞ്ഞെടുപ്പിന്റെ ചൂട് കൊടുമ്പിരി കൊണ്ടിരിക്കെയാണ് രഥോത്സവം നടക്കുന്നത്.
കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിലെ രഥങ്ങളുടെ അറ്റകുറ്റപ്പണികളും തുടങ്ങി കഴിഞ്ഞു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നും നിരവധി പേരാണ് രഥോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്. തമിഴ്നാട്ടിൽ നിന്നും ധാരാളം ആളുകൾ ഇവിടേക്ക് എത്താറുണ്ട്.















