പാലക്കാട്: ഇടത്- വലത് മുന്നണി സ്ഥാനാർത്ഥികൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. എൽഡിഎഫിലെയും യുഡിഎഫിലെയും സ്ഥാനാർത്ഥികൾ ചിലയിടങ്ങളിൽ പ്രചാരണത്തിന് എത്തുമ്പോൾ കുറിതൊടുന്നുവെന്നും എന്നാൽ മറ്റ് ചിലയിടങ്ങളിൽ പച്ച ഷർട്ട് ധരിച്ചാണ് പോകുന്നതെന്നും സി കൃഷ്ണകുമാർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനം ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട്ടെ ഇടത്-വലത് മുന്നണികൾ മതപ്രീണനമാണ് നടത്തുന്നത്. പാലക്കാട്ടെ ജനങ്ങൾ യഥാർത്ഥ മതേതരവാദികളാണ്. ഒരിക്കലും അവർ കപട ആളുകളോടൊപ്പം നിൽക്കില്ല. ഹിന്ദു സമുദായം താമസിക്കുന്ന പ്രദേശങ്ങളിൽ കുറിതൊട്ടും ന്യൂനപക്ഷ സമുദായങ്ങൾ താമസിക്കുന്ന സ്ഥലത്തെല്ലാം കുറി മായ്ച്ച് പച്ച ഷർട്ട് ധരിച്ചുമാണ് അവർ പ്രചാരണത്തിന് പോകുന്നത്. രണ്ട് മുന്നണികളും കപട മതേതരവാദികളാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു.
ബിജെപി രണ്ട് മുന്നണികളെയും പിന്നിലാക്കികൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുന്നിലേക്ക് പോകുകയാണ്. രണ്ട് ഘട്ടത്തെ പ്രചാരണം പൂർത്തിയാക്കി മൂന്നാം ഘട്ട സ്ഥാനാർത്ഥി പ്രചാരണത്തിലേക്ക് കടക്കുകയാണ് ബിജെപി. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചു എന്ന് പറഞ്ഞ രണ്ട് മുന്നണികളും ഇന്ന് ബിജെപിയ്‌ക്ക് പിന്നിലാണ്. എൽഡിഎഫും യുഡിഎഫും കിതയ്‌ക്കുകയാണ്. രണ്ട് സ്ഥാനാർത്ഥികളും പരിഭ്രാന്തിയിലാണ്. പാലക്കാട്ടെ വോട്ടർമാരെ വഞ്ചിക്കാനായി പല തരത്തിലുള്ള നാടകങ്ങൾ അവർ ചെയ്യുന്നു.
എന്റെ ആശയവും ആദർശവും വച്ചാണ് ഞാൻ ജനങ്ങളെ സമീപിക്കുന്നത്. അത് കണ്ടിട്ടാണ് അവർ നാല് തെരഞ്ഞെടുപ്പുകളിലും എന്നെ വിജയിപ്പിച്ചത്. ഇടത്- വലത് മുന്നണികൾ വർഗീയതയ്ക്ക് എതിരായുള്ള പോരാട്ടമാണ് നടത്തുന്നതെങ്കിൽ, എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് വേണ്ടായെന്ന് പറയണം. അത് പാലക്കാട്ടെ ജനതയുടെ മുന്നിൽ പറയാൻ തയാറാണെങ്കിൽ അവരെ മതേതരവാദികളായി അംഗീകരിക്കാമെന്നും സി കൃഷ്ണകുമാർ പറഞ്ഞു.