തെന്നിന്ത്യൻ താരം നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും പ്രണയവും വിവാഹവും ഉൾപ്പെടെയുള്ള സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയ ഡോക്യൂമെന്ററി ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന പേരിൽ വീഡിയോ പുറത്തുവരുന്നത്. നവംബർ 18-നാണ് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുളളതാണ് ഡോക്യുമെന്ററി.
വീഡിയോ റിലീസ് ചെയ്യുന്ന വിവരം അറിയിച്ചുകൊണ്ട് ഒരു പോസ്റ്റും നെറ്റ്ഫ്ലിക്സ് പങ്കുവച്ചിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ച് റെഡ് കാർപ്പറ്റിൽ നിൽക്കുന്ന നയൻതാരയുടെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ‘ലേഡി സൂപ്പർ സ്റ്റാറിന്റെ ജീവിത യാത്ര കാണുക’ എന്നാണ് നെറ്റ്ഫ്ലിക്സിന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചിരിക്കുന്നത്. നയൻതാരയുടെ സിനിമാ ജീവിതവും പ്രണയവും വിവാഹവുമൊക്കെയാണ് വീഡിയോയിൽ ഉണ്ടാവുക.
2021 ജൂൺ ഒമ്പതിനാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും വിവാഹ വീഡിയോ പുറത്തുവരാത്തതിനാൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ പരിഹാസങ്ങളും ഇരുവരും നേരിട്ടിരുന്നു. തുടർന്ന് ഡോക്യുമെന്ററിയുടെ ടീസർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്യുമെന്ററി ഉടൻ എത്തുമെന്ന വിവരം നയൻതാര തന്നെ പങ്കുവച്ചത്.
View this post on Instagram
തെന്നിന്ത്യ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും. വൻതുക മുടക്കിയാണ് നെറ്റ്ഫ്ലിക്സ് വിവാഹ വീഡിയോയുടെ അവകാശം സ്വന്തമാക്കിയത്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത് റൗഡി പിക്‌ചേഴ്‌സാണ്.















