ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ ആരാധകർക്ക് ആശംസകൾ അറിയിച്ച് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. ഷി സു ഇനത്തിൽപെട്ട തന്റെ ഓമന നായക്കുട്ടിക്കൊപ്പമുള്ള നടിയുടെ മനോഹരമായ ചിത്രങ്ങളും പോസ്റ്റിനൊപ്പമുണ്ട്. പടക്കങ്ങൾ ഉപയോഗിക്കുന്നതുമൂലമുള്ള ശബ്ദ മലിനീകരണം പരമാവധി ഒഴിവാക്കാനും താരം അഭ്യർത്ഥിച്ചു.
“ഹാപ്പി ദീപാവലി! പടക്കത്തെ ഭയപ്പെടുന്ന ആരെങ്കിലും നിങ്ങളുടെ അയല്പക്കത്തുമുണ്ടാകാം, ദയവായി അവരെയും പരിഗണിക്കുക,” മഞ്ജുവാര്യർ ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. ദീപാവലി ദിനത്തിലെ താരത്തിന്റെ സന്ദേശത്തെ ആരാധകരും പിന്തുണച്ചു. നിരവധിപേർ മഞ്ജുവിന് കമന്റുകളിലൂടെ ആശംസകൾ അറിയിച്ചു.
രജനീകാന്ത്, അമിതാഭ് ബച്ചൻ തുടങ്ങി പ്രമുഖ താരങ്ങൾ അണിനിരന്ന ‘വേട്ടയൻ’ ആണ് താരത്തിന്റേതായി അവസാനമിറങ്ങിയ തമിഴ് ചിത്രം. ദീപാവലി റിലീസായി തീയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാൽ മഞ്ജു വാര്യർ രജനീകാന്തിനൊപ്പം നൃത്തച്ചുവടുകൾ വച്ച ‘മനസിലായോ’ എന്ന ഗാനം ആരാധകർക്കിടയിൽ തരംഗമായി മാറിയിരുന്നു.